“ഇതാണ് ഇന്ത്യ പിന്തുടരേണ്ട മാതൃക” ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

0

ഇന്ത്യയിലെ മിക്കവരും, എന്തിന് തമിഴർ പോലും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിൽ തമിഴ് ജനത നേടിയ വിജയത്തിന്റെ ചരിത്രപരമായ പ്രാധാന്യം തിരിച്ചറിയാനിടയില്ല. അത് ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടത് അല്ലെങ്കിൽ തമിഴ്‌നാടുമായി ബന്ധപ്പെട്ടത് എന്നായിരിക്കും അവർ ചിന്തിക്കുക. ഇത്തരത്തിലുള്ള ഒരു പ്രക്ഷോഭത്തിന് ഇന്ത്യ അഭിമുഖീകരിക്കുന്ന കൂറ്റൻ വെല്ലുവിളികളായ ദാരിദ്ര്യ നിർമ്മാർജനം, തൊഴിലില്ലായ്മ, ആരോഗ്യപരിചരണം ഇല്ലായ്മ, പോഷകാഹാരക്കുറവ്, നല്ല വിദ്യാഭ്യാസം നേടൽ എന്നിങ്ങനെയുള്ളവ പരിഹരിക്കാൻ ഒന്നും ചെയ്യാനാകില്ല എന്ന് അവർ ചിന്തിക്കുന്നുണ്ടാകും.
പക്ഷേ ജനങ്ങൾ ഏറ്റെടുത്ത ജെല്ലിക്കെട്ട് പ്രക്ഷോഭം അല്ലെങ്കിൽ ബഹുജന മുന്നേറ്റവും തമിഴ് ജനതയുടെ വിജയവും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ജെല്ലിക്കെട്ടിനും അപ്പുറമാണ് അതിന്റെ സാധ്യതകൾ. നമ്മുടെ സുപ്രധാന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള ആദ്യ ചുവടും രാജ്യം മുഴവനും പടർത്തേണ്ട തിരിനാളവുമാണ് അത്.
ലക്ഷക്കണക്കിനു പേർ കൊടുങ്കാറ്റു പോലെ ഒന്നു ചേർന്നാൽ ഈ ഭൂമിയിലെ ഒരു ശക്തിക്കും തടുക്കാൻ കഴിയാത്ത വിധമുള്ള വീര്യവും പ്രതിരോധവുമായി മാറും എന്ന് ജെല്ലിക്കെട്ട് പ്രക്ഷോഭം തെളിയിച്ചു.
ജാതിയുടേയും മതത്തിന്റേയും ദേശത്തിന്റേയും പേരിൽ ജനങ്ങൾ വിഭജിക്കില്ലേ എന്ന് ഞാൻ പോലും ശങ്കിച്ചിരുന്നു. നമ്മൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ ജാതിക്കും മതത്തിനും ദേശത്തിനും അതീതമായി ചിന്തിച്ച് ഒത്തൊരുമിക്കാൻ ഇന്ത്യൻ ജനതയ്ക്ക് ആകുമോ എന്നും ഞാൻ സംശയിച്ചു. ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ പൊട്ടിച്ചെറിഞ്ഞതാണ് ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ നേട്ടം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പിന്തുണ നേടിക്കൊണ്ട് അത് ദേശീയ അതിർത്തികൾ പോലും മായ്ച്ചു കളഞ്ഞു.
അതിനാലാണ് തമിഴ്ജനതയുടെ വിജയം ഇന്ത്യയുടെ വിജയം ആകുന്നത്. നമ്മുടെ മുന്നിലുള്ള ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്കാർക്ക് ഒരുമിച്ച് കൈകാർക്കാൻ കഴിയുമെന്ന് ഇത് തെളിയിച്ചു. നമ്മൾ ഇന്ത്യക്കാർ പിന്തുടരേണ്ട പാത ഏതാണെന്നും കാട്ടിത്തന്നു ജെല്ലിക്കെട്ട് പ്രക്ഷോഭം. നമ്മൾ ഒന്നിക്കണം, ഒരിക്കലും ഭിന്നിക്കരുത് (ജാതിയുടേയും മതത്തിന്റേയും ദേശത്തിന്റേയും പേരിൽ നമ്മെ ഭിന്നിപ്പിക്കാൻ നമ്മുടെ ശത്രുക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും). ആരാലും നയിക്കപ്പെടാത്ത ജനമുന്നേറ്റം ആയിരുന്നു ജെല്ലിക്കെട്ട് പ്രക്ഷോഭം. രാഷ്ട്രീയക്കാരുടെ ഇടപെടൽ പ്രക്ഷോഭക്കാർ ആരംഭത്തിലെ നിരസിച്ചു. കാരണം നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയക്കാരിൽ ഭൂരിഭാഗവും അവസരവാദികളും സ്വാർത്ഥരും ആണല്ലോ. പൊലീസിന്റെ നിയന്ത്രണങ്ങൾ ഇല്ലാതിരിന്നിട്ടു പോലും പ്രക്ഷോഭകർ ശാന്തരായിരുന്നു.
തമിഴ്ജനത മുഴുവൻ രാജ്യത്തിനും നേതൃത്വം നൽകിയിരിക്കുകയാണ്. നമ്മൾ അഭിമുഖീകരിക്കുന്ന കൂറ്റൻ വെല്ലുവിളികൾ നേരിടാൻ നാം ഒരൊറ്റ ജനതയായി ഒന്നിക്കുന്നതാണ് ശരിയായ രീതിയെന്നും അവർ കാട്ടിത്തന്നു
തമിഴ് മക്കൾ വാഴ്ക!