തിരുവനന്തപുരത്തെ പ്ലാസ്റ്റിക് ഉൽപന്ന ശാലയിലെ തീപിടിത്തം; സമീപ പ്രദേശങ്ങളില്‍ ഓക്സിജന്‍ കുറഞ്ഞേക്കാം; ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

0

ശ്രീകാര്യം മണ്‍വിളയിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ഇതുവരെ ആളപായമില്ല. നാല് നിലയുള്ള കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. 


500 കോടിയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉൽപാദന യൂണിറ്റിന്റെ 3–ാം നിലയിൽ നിന്നും തീയും പുകയും ഉയർന്നത്. രണ്ടാം ഷിഫ്റ്റിൽ ജോലിചെയ്യാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 120 പേർ ഈ സമയം കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടമാകെ തീ വ്യാപിച്ചതിനാൽ വലിയ ശബ്ദത്തിൽ ഇരുപതിലേറെ പൊട്ടിത്തെറികളുണ്ടായി.

തീ പകര്‍ന്നപ്പോഴേക്കും സമീപവാസികളെ പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജയറാം രഘു, ഗിരീഷ് എന്നിവരാണ് ആശുപത്രിയില്‍ ആയിരിക്കുന്നത്.
പ്ലാസ്റ്റിക്ക് കത്തിയതിനാല്‍ പുകയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് പ്രദേശത്തെ ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചു. കൊച്ചുകുട്ടികള്‍, അലര്‍ജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കണം. ഇവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും മാറിനില്‍ക്കുന്നതാണ് നല്ലതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 500 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.