നീലച്ചിത്രക്കേസ് : മുംബൈ പോലീസ് 15 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് നടി

0

മുംബൈ: നീലച്ചിത്രക്കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നതായി നടി ഗഹന വസിഷ്ഠിന്റെ വെളിപ്പെടുത്തൽ. വ്യവസായിയായ രാജ് കുന്ദ്രയ്ക്കും നിർമാതാവ് ഏക്‌താ കപൂറിനുമെതിരേ മൊഴി നൽകാനും സമ്മർദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷൻ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ ഗഹന ആരോപിച്ചു.

നീലച്ചിത്രക്കേസിൽ നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ ഫെബ്രുവരിയിൽ മുംബൈ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിനുമുമ്പ് സംസാരിച്ചപ്പോഴാണ്പോലീസ് സംഘം 15 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് ഗഹന പറഞ്ഞു. പണം നൽകിയാൽ അറസ്റ്റ് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതുകൊണ്ട് കൈക്കൂലി നൽകാൻ വിസമ്മതിച്ചു. രണ്ട്‌ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഗഹനയെ പോലീസ് അറസ്റ്റു ചെയ്തു. നാല്‌ മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോൾ മൂന്നാമതൊരു കേസിൽക്കൂടി പ്രതി ചേർത്തിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴാണ് രാജ് കുന്ദ്രയുടെയും ഏക്‌താ കപൂറിന്റെയും പേര്‌ പറയാൻ പോലീസ് നിർബന്ധിച്ചതെന്ന് ഗഹന പറയുന്നു. അതിനും വഴങ്ങിയില്ല. ഹോട് ഷോട്ട് എന്ന ആപ്പ് വഴി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതിന് രാജ് കുന്ദ്ര നിർമിച്ച ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതായി ഗഹന സമ്മതിച്ചു. എന്നാൽ അവയെ നീലച്ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ല. രാജ് കുന്ദ്ര നിർബന്ധിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാന രഹിതമാതമാണെന്നും എല്ലാവരും സ്വമേധയാ ആണ് അഭിനയിക്കുന്നതെന്നുമാണ് ഗഹന പറയുന്നത്.

നീലച്ചിത്രങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ജൂലായ് 19-ന് അറസ്റ്റ്‌ ചെയ്യപ്പെട്ട രാജ് കുന്ദ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ ആർതർ റോഡ് ജയിലിലാണിപ്പോൾ. ഈ കേസിൽ മൊഴി നൽകാനെത്തണമെന്നാവശ്യപ്പെട്ട് ഗഹനയ്ക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിരുന്നെങ്കിലും അവർ ഹാജരായിട്ടില്ല. പുതിയ കേസിൽ കുടുക്കി പോലീസ് അറസ്റ്റ്‌ ചെയ്യുമെന്ന് പേടിച്ചാണ് മൊഴി നൽകാൻ എത്താതിരുന്നതെന്നും മുൻകൂർ ജാമ്യത്തിന് കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഗഹന പറഞ്ഞു.

മുംബൈയിലെ ഒരു മോഡൽ നൽകിയ പരാതിയിലാണ് ഗഹനയ്ക്കെതിരേ പുതിയ കേസെടുത്തിരിക്കുന്നത്. വൻകിട നിർമാതാക്കളുടെ സിനിമയിൽ അവസരം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിച്ചു എന്നാണ് മാൽവനി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മോഡൽ പറയുന്നത്. ഗഹനയ്ക്ക്‌ പുറമേ രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ നാല്‌ ചലച്ചിത്ര നിർമാതാക്കളും കേസിൽ പ്രതികളാണ്.