ക്വിഡിന്റെ പിതാവ് ജെറാർദ് ഡിടൂർബെറ്റ്; ഓര്‍മ്മയായി

0

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഇന്ത്യയിലെ ജനപ്രിയവാഹനമായ ചെറുഹാച്ച് ക്വിഡിന്‍റെ ശില്‍പ്പി ജെറാർദ് ഡിടൂർബെറ്റ് ഓർമയായി. റെനോ ശ്രേണിയിൽ വില കുറഞ്ഞ വാഹനമെന്ന ആശയം പ്രോത്സാഹിപ്പിച്ചതും ഇത്തരം കാർ രൂപകൽപ്പന ചെയ്തതും ജെറാർദ് ഡിടൂർബെറ്റായിരുന്നു. റെനോ–നിസ്സാൻ സഖ്യത്തിന്റെ സി എം എഫ് – എ പ്ലാറ്റ്ഫോമിന്റെ വികസന ചുമതലയുള്ള അലയൻസ് എ – സെഗ്മന്റ് ഡവലപ്മെന്റ് യൂണിറ്റ് (എടുഎസ്ഡിയു) മാനേജിങ് ഡയറക്ടറായിരുന്നു ഡിടൂർബെറ്റ്. ഡിസംബർ അഞ്ചിനായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

ഇതിനു മുമ്പ് ലോഗൻ (2004), സാൻഡെരൊ (2007), ഡസ്റ്റർ (2010) എന്നിവയുടെ വികസനത്തിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. റെനോ ശ്രേണിയിൽ വില കുറഞ്ഞ വാഹനമെന്ന ആശയം പ്രോത്സാഹിപ്പിച്ചതും ഈ കാർ രൂപകൽപ്പന ചെയ്തതും ജെറാർദ് ഡിടൂർബെറ്റായിരുന്നു. ട്രൈബർ, സിറ്റി കെ – സെഡ് ഇ എന്നിവക്ക് പിന്നിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ക്വിഡിനു പുറമെ നിസ്സാന്റെ ഉപസ്ഥാപനമായ ഡാറ്റ്സന്റെ ശ്രേണിയിലെ റെഡിഗൊയുമായും ഡിടൂർബെറ്റ് സഹകരിച്ചിരുന്നു. റെനോ ഗ്രൂപ്പിനൊപ്പം അരനൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള ഡിടൂർബെറ്റ് വിടവാങ്ങിയതോടെ നിസ്‍തുല സംഭാവന നൽകിയ നേതാവിനെയും ദീർഘവീക്ഷണമുള്ള വ്യക്തിത്വത്തെയുമാണു നഷ്ടമായതെന്ന് ഗ്രൂപ്പ് റെനോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ക്ലോറ്റിൽഡ് ഡെൽബോസ് അനുസ്‍മരിച്ചു.