കൈവശം വെക്കാവുന്ന സ്വര്‍ണത്തിനു പരിധി വരുന്നു; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

0

ന്യൂഡല്‍ഹി: കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. പദ്ധതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഇതിനായി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്. ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോര്‍ട്ട്.

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കലല്ല, നിലവില്‍ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സ്വര്‍ണവിപണിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.

പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ വന്‍തുക പിഴ ചുമത്തും. വിവാഹിതകളായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വര്‍ണം സൂക്ഷിക്കാന്‍ അനുവദിക്കും. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയാകും.

സ്വര്‍ണത്തിന്റെ മൂല്യം സര്‍ക്കാര്‍ ഉടന്‍ കണക്കാക്കില്ല. മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ ആളിനെ നിയോഗിക്കും. വിവാഹിതകളായ സ്ത്രീകള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ പരിധിയില്‍ ഇളവു നല്‍കും. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

ഇതുവഴി സര്‍ക്കാരിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സര്‍ക്കാര്‍ പ്രതിനിധികളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും ഉള്‍പ്പെട്ട ഗോള്‍ഡ് ബോര്‍ഡ് രൂപവത്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നുമുണ്ട്.