നാല്‍പ്പത് ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ചു

0

രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ കനത്ത പ്രതിസന്ധിയുണ്ടാക്കിയ ചരക്ക് സേവന നികുതിയിലെ നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചു.
ആറ് ഉൽപന്നങ്ങളുടെ നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപന്നങ്ങളുടെ ജിഎസ്ടി 12%, 5% ആയും ചുരുക്കി. ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. വീൽ ചെയറിന്റെ നികുതി 28 ശതമാനത്തിൽ നിന്ന് അ‍ഞ്ച് ശതമാനമാക്കി. 

അതേസമയം, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് നികുതി കുറയ്ക്കലിന് പിന്നിലെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപ്പോള്‍ കുറച്ച നികുതി വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് വിമര്‍ശനങ്ങള്‍.
സിമന്റിന്റെയും വാഹനങ്ങളുടെയും നികുതി 28 ശതമാനമായി തുടരും. 100 രൂപയിൽ താഴെയുള്ള സിനിമാ ടിക്കറ്റിന് 12% ഉം 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 18% ഉം ആയിരിക്കും ജിഎസ്ടി. തേർഡ് പാർട്ടി ഇൻഷുറൻസിന് 12 ശതമാനമായിരിക്കും ജിഎസ്ടി. 28 ശതമാനം ജിഎസ്ടി ഉള്ള ഉൽപന്നങ്ങളുടെ എണ്ണം 28 ആയി കുറച്ചു. പുതിയ നിരക്കുകൾ ജനുവരി ഒന്നിന് നിലവിൽ വരും.