സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?; വിജയ്‌ ചിത്രം മെർസലില്‍ പരാമര്‍ശിക്കുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് ഫ്രീയല്ല

0

വിജയ് നായകനായ മെർസലിനെക്കുറിച്ചുള്ള വിവാദങ്ങൾ അടങ്ങിയിട്ടില്ല.തീയേറ്ററിലെത്തിയതിന് പിന്നാലെ വിവാദങ്ങളും കൂടെ ചേര്‍ന്ന മെര്‍സല്‍ വിവാദങ്ങളില്‍ ഇടം നേടിയത് ലണ്ടനിലെയും ഇന്ത്യയിലെയും ജിഎസ്ടി നിരക്കുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തിന്മേലാണ്.  7% ജിഎസ്ടി യുള്ള സിംഗപ്പൂരില്‍ സൗജന്യമായി മരുന്നുകള്‍ നല്‍കുമ്പോള്‍ എന്തുകൊണ്ട് 28% ജിഎസ്ടിയുള്ള ഇന്ത്യയില്‍ അതിന് കഴിയുന്നില്ല എന്ന വാചകമാണ് സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ വിവാദങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നാണ് സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്ന് പോലും ആവശ്യമുന്നയിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. എന്നാല്‍ സിംഗപ്പൂരിൽ സിനിമയിൽ പറയുന്നത് പോലെ മരുന്ന് സൗജന്യമാണോ?

പ്രവാസി എക്സ്പ്രസ്സ്‌ ഓണ്‍ലൈന്‍ അസ്സോസിയേറ്റ് എഡിറ്റര്‍  ബേസിൽ ബേബി ഇതിനെ കുറിച്ചു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. കുറിപ്പ് വായിക്കാം:

എന്താണ് സിംഗപ്പൂരിലെ GST മെര്‍സല്‍ ഇറങ്ങിയ ശേഷം ഇത്രയ്ക്ക് ചര്‍ച്ചാവിഷയമായി മാറിയത് എന്നറിയാനുള്ള ആകാംഷയായിരുന്നു ഇതുവരെ. 7% ജി.എസ്.ടി യുള്ള സിംഗപ്പൂരില്‍ സൗജന്യമായി മരുന്നുകള്‍ നല്‍കുമ്പോള്‍ എന്തുകൊണ്ട് 28% ജിഎസ്‍‍ടിയുള്ള ഇന്ത്യയില്‍ അതിന് കഴിയുന്നില്ല എന്ന ഡയലോഗാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്തായാലും സിംഗപ്പൂരില്‍ കുറെ നാളായി താമസിക്കുന്നതു കൊണ്ട് ഇതിനെക്കുറിച്ച് അറിയാവുന്ന കുറച്ചു കാര്യങ്ങള്‍ ഷെയര്‍ ചെയ്യാമെന്ന് വിചാരിക്കുന്നു.കാരണം ആ സിനിമയില്‍ പറയുന്ന കാര്യം പൂര്‍ണ്ണമായും ശരിയല്ലാത്തതു കൊണ്ട് തന്നെ .പക്ഷെ ജിഎസ്‍‍ടി വിഷയവുമായി ബന്ധപ്പെട്ട് ബിജെപ്പി ഇത്രയ്ക്ക് ബഹളമുണ്ടാക്കാന്‍ മാത്രം ഒന്നും ആ സിനിമയില്‍ കണ്ടില്ല. ജനങ്ങള്‍ക്ക്‌ പറയാനുള്ളത് അവര്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചെങ്കില്‍ അതിനെ അതിന്‍റെ വഴിക്കുവിടുക , അതില്‍ വെറുതെ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് കൂടുതല്‍ പബ്ലിസിറ്റി നല്‍കാന്‍ മാത്രമേ സഹായകമാവുകയുള്ളൂ.

സിംഗപ്പൂരില്‍ മരുന്നുകള്‍ അല്ലെങ്കില്‍ ചികിത്സ സൗജന്യമല്ല എന്ന കാര്യം ആദ്യമേ ഓര്‍മ്മപ്പെടുത്തട്ടെ. സിനിമയില്‍ ആ ഡയലോഗ് കേട്ട് കയ്യടിക്കാനോക്കെ ഒരു സുഖമുണ്ട്, പക്ഷെ അത് പൂര്‍ണ്ണമായും ശരിയല്ല.’സൗജന്യം’ എന്ന വാക്ക് പഴയതാണ്, സിംഗപ്പൂര്‍ സര്‍ക്കാര്‍ പോലും അതുപേക്ഷിച്ചിട്ട് കാലങ്ങളായി .മറിച്ച് ‘കാര്യക്ഷമത’ എന്ന വാക്കാണ്‌ സിംഗപ്പൂരിന്‍റെ അവസാനവാക്ക്. സിംഗപ്പൂരില്‍ ചികിത്സയ്ക്ക് വേണ്ട ചെലവ് സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തം അല്ല, മറിച്ച് ഓരോ വ്യക്തിയുടെ കൂടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് അതിനു വേണ്ട ചെലവ് നമ്മള്‍ കൂടെ വഹിക്കണം.മാസം തോറും ലഭിക്കുന്ന ശമ്പളത്തിന്‍റെ ഒരു വിഹിതം നിര്‍ബന്ധമായും മെഡിസേവ് അക്കൗണ്ടിലേക്ക് പോകും, അതില്‍ നിന്ന് മേടിഷീല്‍ഡ് ഇന്‍ഷുറന്‍സ് കുറഞ്ഞ നിരക്കില്‍ എടുക്കാം.ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആശുപത്രി ചെലവുകള്‍ ഭൂരിഭാഗവും ഈ അക്കൗണ്ടില്‍ നിന്ന് എടുക്കാം.അതുമല്ലേല്‍ ഇന്‍ഷുറന്‍സ് ഉണ്ട്, അങ്ങനെ ചെയ്യുന്നതുവഴി നമ്മുടെ ആരോഗ്യത്തിന്‍റെ ചെലവുകള്‍ അറിയാതെ തന്നെ നമ്മള്‍ തന്നെ വഹിക്കുകയും, എന്നാല്‍ നമുക്ക് അതൊരു ഭാരമായി തോന്നുകയും ചെയ്യുന്നില്ല. മെഡിഫണ്ട് വഴി സര്‍ക്കാര്‍ വേറൊരു വശത്ത് കൂടി പാവപ്പെട്ടവരെ സഹായിക്കുന്നുമുണ്ട്.

ചുരുക്കത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരും, ജനങ്ങളും വീതിചെടുക്കുന്നു. അതുവഴി സര്‍ക്കാര്‍ ഫണ്ടുകള്‍ ആശുപത്രികള്‍ നവീകരിക്കുന്നതിനും മറ്റും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്നു. അതുകൊണ്ടാണ് ലോകത്തിലെ മികച്ച ആരോഗ്യ പരിപാലനമുള്ള രാജ്യമായി സിംഗപ്പൂര്‍ മാറിയത്. പക്ഷെ രസകരമായ കാര്യം അതല്ല, GDP-യുടെ 4-5% മാത്രമാണ് സിംഗപ്പൂര്‍ ആരോഗ്യ പരിപാലനത്തിനായി ചെലവഴിക്കുന്നത്, പല വമ്പന്മാരും ഇതിന്‍റെ ഇരട്ടി മുടക്കിയിട്ടും ഈ മേഘലയില്‍ അടുത്തെങ്ങും എത്താന്‍ പറ്റിയിട്ടില്ല. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സിംഗപ്പൂരില്‍ പ്രായമായവരുടെ എണ്ണം ഒരു മില്ല്യൺ കടക്കും,അതായതു അഞ്ചില്‍ ഒരാള്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തി എന്ന നിലയിലേക്ക്. പ്രത്യേകിച്ച് പ്രകൃതിവിഭവങ്ങള്‍ ഒന്നുമില്ലാത്ത സിംഗപ്പൂരിനു ഒരിക്കല്‍ പോലും അവരെയെല്ലാം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പരിപാലിക്കാന്‍ കഴിയില്ല. അതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് സിംഗപ്പൂര്‍ ഇങ്ങനെയൊരു പ്ലാന്‍ മുൻകൂട്ടി ഉണ്ടാക്കിയെടുത്തത്. അല്ലെങ്കില്‍ ഇപ്പോള്‍ ജപ്പാന്‍ പോലെയുള്ള രാജ്യങ്ങള്‍ പെടുന്ന കഷ്ടപ്പാടുകള്‍ സിംഗപ്പൂരും അനുഭവിക്കേണ്ടി വന്നേനെ .

ഇനി ഇന്ത്യയിലേക്ക്‌ വന്നാല്‍, ഇന്ത്യയും സിംഗപ്പൂരിനെ പോലെ GDP-യുടെ 4-5% ആരോഗ്യ മേഖലയില്‍ ചെലവാക്കുന്നുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ കാശ് മുടക്കുന്നില്ല എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് അതിനോട് യോജിക്കാന്‍ കഴിയില്ല.പിന്നെ സിനിമയില്‍ പറയും പോലെ സൗജന്യമായി എല്ലാം കൊടുക്കണം എന്ന ആവശ്യം. അതും പൂര്‍ണ്ണമായും പ്രായോഗികമല്ല.

സ്കൂളില്‍ പഠിക്കുന്ന കാലം ഓര്‍മ്മവരുന്നു, ഞങ്ങളുടെ നാട്ടില്‍ വാരപ്പെട്ടിയില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ ഉണ്ട്. ഒരിക്കല്‍ പനി വന്നപ്പോള്‍ മമ്മി നിര്‍ബന്ധിച്ച് അവിടെ പോകാന്‍ പറഞ്ഞു.കയ്യില്‍ ഒരു രൂപയും തന്നു. വലിയ ബോധമുള്ള സമയം അല്ലെങ്കിലും ആശുപത്രിയില്‍ പോകാന്‍ 1 രൂപ പോരാ എന്ന വിവരമൊക്കെയുണ്ട്. ഞാന്‍ വീണ്ടും പൈസ ചോദിക്കുമ്പോ ,നീ അത് കൊടുത്താ മതിയെന്നായി മമ്മി. രണ്ടും കല്‍പ്പിച്ച് ഞാന്‍ ആശുപത്രിയില്‍ ചെന്നപ്പോ അവര്‍ ഒരു രൂപ മേടിച്ച് ചീട്ടും തന്നും, ഡോക്ടര്‍ ആവശ്യത്തിനു മരുന്നും. അന്ന് ഞാന്‍ കുറെ ആലോചിച്ചുനോക്കി, ഒരു രൂപ വച്ച് 100 പേര്‍ വന്നാല്‍ ചിലപ്പോ ചീട്ട് കീറുന്ന ചേച്ചിക്ക് ശമ്പളം കൊടുക്കാം .പക്ഷെ ഡോക്ടറിന്‍റെ കാശ്, മരുന്നിന്‍റെ കാശ്, ഇതൊക്കെ കൊടുത്ത് ആരാണ് ഈ ആശുപത്രി ഫ്രീ ആയി ഇങ്ങനെ നടത്തുന്നത് എന്നൊക്കെ മനസ്സില്‍ ചിന്തിക്കും. പിന്നീടാണ് ഇതൊക്കെ നമ്മുടെ സര്‍ക്കാരിന്‍റെ പണിയാണ് എന്ന് മനസ്സിലായത്.

പിന്നെ മഴയത്ത് കറങ്ങി നടക്കുമ്പോഴൊക്കെ നാട്ടിലെ വീടുകളിലെ സ്ഥിരം ഡയലോഗ് ഉണ്ടല്ലോ, പനി പിടിച്ചുനടന്നാ ആശുപത്രിയില്‍ കൊണ്ടുപോകാനോ, മരുന്നിനോ ഇവിടാരുമില്ല എന്നൊക്കെ. അപ്പൊ എനിക്കും മനസ്സില്‍ തോന്നാന്‍ തുടങ്ങി, പിന്നെ, പനി പിടിച്ചാ ഫ്രീയായി മരുന്നും ഡോക്ടറും തൊട്ടടുത്തുണ്ട്, നിങ്ങളാരും കൊണ്ട് പോകുവോന്നും വേണ്ടാ. നമ്മുടെ മനസ്ഥിതി അവിടെ മാറാന്‍ തുടങ്ങിയത് ശ്രദ്ധിച്ചോ, എനിക്ക് അസുഖം വന്നാ എനിക്കെന്താ, സര്‍ക്കാര്‍ നോക്കണം, അവര്‍ ഫ്രീ ആയി മരുന്ന് നല്‍കണം എന്നൊക്കെയായി. എന്‍റെ ആരോഗ്യം വച്ച് ഞാന്‍ എന്ത് തോന്ന്യവാസവും കാണിക്കും, എന്തേലും പറ്റിയാ സര്‍ക്കാരിന്‍റെ ചെലവില്‍ ചികിത്സിക്കാം.

പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലും അത്യാവശ്യം സൗജന്യമായി മരുന്നുകള്‍ ഒക്കെ തരുന്ന സമ്പ്രദായം നിലവിലുണ്ട്. എന്നുവച്ച് അത് എല്ലാ നിലയിലും സൗജന്യമാക്കുന്നത് പ്രായോഗികമല്ല, അത് നല്ലതുമല്ല. അവശ്യ മരുന്നുകള്‍ ഫ്രീയായി ലഭ്യമാക്കണം. അല്ലാതെ ദിവസവും ഓരോ കിലോ പഞ്ചസാര അടിച്ചു കേറ്റിയിട്ട് എനിക്ക് ഡയബട്ടിക്സ് ആണ്, മരുന്ന് സര്‍ക്കാര്‍ ഫ്രീ ആയി തരണം എന്നൊക്കെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അതേപോലെ നല്ലൊരു തുക സര്‍ക്കാര്‍ മാറ്റി വെയ്ക്കുന്നത് കൃത്യമായി എത്തേണ്ട സ്ഥലത്ത് എത്തിയാല്‍ തന്നെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ അവസാനിക്കും. ആദിവാസി മേഖലകളിലും, താഴെ തട്ടിലുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കിയേ തീരൂ.

മരുന്നുണ്ടായിട്ടും കൊടുക്കാത്ത ഡോക്ടര്‍മാര്‍ ,മരുന്നുകടയ്ക്ക് കച്ചവടം ഉണ്ടാക്കുന്ന ജീവനക്കാര്‍ ,ആശുപത്രി ബിസിനസ് ആക്കുന്ന മുതലാളിമാര്‍ തുടങ്ങിയ നമ്മളെ പോലെയുള്ളവര്‍ തന്നെയാണ് ഇതിലെ വിരകള്‍. അല്ലാതെ സര്‍ക്കാരിനെ കുറ്റംചുമത്തി ഒഴിയുന്നതില്‍ ഒരു കാര്യവുമില്ല.പിന്നെ സിംഗപ്പൂരിലെ പോലെയൊരു സിസ്റ്റം നമ്മുടെ നാട്ടില്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുക എളുപ്പമല്ല. കാരണം ശമ്പളം നല്‍കുന്ന രീതിയും, ജോലിയില്ലാതവരുടെ എണ്ണവും. അതുകൊണ്ട് നമ്മുടെ പരിമിതിയില്‍ നിന്നുകൊണ്ടുള്ള കാര്യക്ഷമതയുളള പുതിയ രീതികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലാതെ GST-യും ഇതും തമ്മിലൊരു ബന്ധപ്പെടുതലും, സൗജന്യ ആരോഗ്യ പരിപാലവും ഒരു കയ്യടിയില്‍ അവസാനിക്കുകയും, പ്രായോഗികമായി നടപ്പില്‍ വരുത്തുവാന്‍ അത്ര എളുപ്പവുമായ കാര്യമല്ല. എങ്കില്‍ പോലും പല വികസ്വര രാജ്യങ്ങളെയൊക്കെ വച്ച് നോക്കിയാല്‍ നമ്മള്‍ ഒരുപടി മുന്നേറിയിട്ടുണ്ട്. പ്രത്യേകിച്ച് കേരളമെല്ലാം ആരോഗ്യമേഖലയില്‍ പല വികസിതരാജ്യങ്ങളുടെ ഒപ്പമെത്തിയതും ഈ പരിമിതികളെ അതിജീവിച്ചു കൊണ്ടാണ് എന്നോര്‍ക്കുമ്പോള്‍ അഭിമാനിക്കാന്‍ വകയുണ്ട്.