എണ്ണ വില വര്‍ധിക്കുന്നു ; ഗള്‍ഫില്‍ വീണ്ടും തൊഴില്‍ അവസരങ്ങള്‍ വരുന്നു

0

ഗള്‍ഫ്‌ മേഖലയില്‍ പ്രതീക്ഷ അര്‍പ്പിച്ചവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ സംഭവം ആയിരുന്നു എണ്ണ വിലയിടിവ് .ഇതുവരെ കെട്ടിപൊക്കിയതെല്ലാം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന പ്രതീതിയായിരുന്നു എണ്ണവിലയിടിവ് ഗള്‍ഫ്‌ മേഖലയ്ക്കു നല്‍കിയത് .എണ്ണ വിലയിടിവ് കാരണം ഗള്‍ഫിലെ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പുതിയ തൊഴിലവസരങ്ങള്‍ കുറയാന്‍ തുടങ്ങിയത് .നിലവില്‍ ജോലി ചെയ്തിരുന്നവരുടെ കൂടി കാര്യങ്ങള്‍ പരുങ്ങലിലായി .എന്നാല്‍ ഇപ്പോള്‍ ഗള്‍ഫില്‍ നിന്നും കേള്‍ക്കുന്നത് നല്ല വാര്‍ത്തകള്‍ ആണ് .

എണ്ണയുല്‍പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് എണ്ണ വില ഉയരാന്‍ തുടങ്ങിയിരിക്കുന്നു എന്നാണു റിപ്പോര്‍ട്ട് .ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണരംഗം വീണ്ടും സജീവമാവുകയാണ് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ .ജോബ് പോര്‍ട്ടലായ ‘ഗള്‍ഫ് ടാലന്‍റ്.കോം’ വിവിധ ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ദായകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ‘2017’ പുതിയ തൊഴിലവസരങ്ങളുടേതാണ് എന്നാണ് കണ്ടത്തെിയത്. തൊഴില്‍ വെട്ടിക്കുറക്കല്‍ പ്രവണതയില്‍ ഗണ്യമായ കുറവ് വന്നതായും സര്‍വേ വ്യക്തമാക്കുന്നു. ജി.സി.സി ആസ്ഥാനമായ കമ്പനികളുടെ ഉന്നത മാനേജ്മെന്‍റ് വക്താക്കളില്‍നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയതെന്ന് ഗള്‍ഫ് ടാലന്‍റ് വിശദീകരിക്കുന്നു.
എണ്ണ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളിലായി പല കമ്പനികളും 40 ശതമാനംവരെ തസ്തിക വെട്ടിക്കുറച്ചിരുന്നു.

എന്തായാലും എണ്ണ വില വര്‍ദ്ധിക്കുന്നതോടെ ഗള്‍ഫിലെ മാന്ദ്യം കുറയുമെന്നാണ് കരുതുന്നത് .ഇത് നിര്‍മ്മാണമേഖല ഉള്‍പെടെ എല്ലായിടത്തും വന്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും എന്നും പ്രതീക്ഷയുണ്ട് .