കുവൈത്തിൽ മഴ ശക്തം; വിമാനത്താവളം അടച്ചു

0

കുവൈത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ ചിലയിടങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

സമാന സാഹചര്യം വ്യാഴാഴ്ച വൈകുന്നേരത്തോടെ സംജാതമാകാനാണ് സാധ്യതയെന്ന് വ്യോമയാന ഡയറക്ടറേറ്റിലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം മേധാവി ദിറാർ അൽ അലി അറിയിച്ചു. ഇടിമിന്നലിന്റെ അകമ്പനിയോടെയാകും മഴ. ഏഴ് അടിയിലേറെ ഉയരത്തിൽ വേലിയേറ്റത്തിനും സാധ്യതയുണ്ട്. പെരുമഴയിൽ ദൂരക്കാഴ്ചാ പരിധി വളരെ കുറവായിരിക്കും. 

അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്നലെ കുവൈത്തിൽ കനത്ത മഴയുണ്ടാകുന്നത്. ഇടിമിന്നലോടുകൂടിയ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് അറിയിപ്പ്. മഴക്കെടുതി കാരണം കുവൈത്ത് വിമാനത്താവളം അടച്ചിട്ടു. താൽക്കാലികമായി വിമാന സർവീസ് നിർത്തിവച്ചതായി വ്യോമയാന അധികൃതർ അറിയിച്ചു.

എമിറേറ്റ്സിന്റെയും എത്തിഹാദിന്റെയും വിവിധ വിമാനങ്ങൾ റദ്ദ് ചെയ്തു. ഇന്നലെ രാത്രി കുവൈത്തിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു.