സൂപ്പർമാനായി ഇനി എന്റെ തിരിച്ചുവരവ് ഉണ്ടാകില്ല: ഹെൻറി കാവിൽ

0

സൂപ്പർ ഹീറോ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം മനസ്സിൽ വരുന്ന പേര് ‘സൂപ്പർമാൻ’ എന്നാണ്. ഹെൻറി കാവിൽ സൂപ്പർമാന്റെ കുപ്പായമണിയാൻ കാത്തിരുന്ന ലോകമെമ്പാടുമുള്ള ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇനി സൂപ്പർമാൻ ആകാൻ ഹെൻറി കാവിൽ ഇല്ല. ഹെൻറി കാവിൽ തന്നെയാണ് സങ്കടകരമായ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ലോകമെമ്പാടും വൻ ആരാധകരുള്ള ഡിസി കഥാപാത്രമാണ് സൂപ്പർമാൻ. സൂപ്പർമാൻ എന്ന കഥാപാത്രത്തെ ഇതുവരെ നിരവധി അഭിനേതാക്കൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ‘ഹെൻറി കാവിൽ’ സ്‌ക്രീനിൽ ചെയ്ത മാജിക് മറ്റാർക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഡിസി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗൺ, പീറ്റർ സഫ്രൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു ഈ കാര്യം തീരുമാനമായതെന്ന് ഹെൻറി പറയുന്നു. “ജയിംസ് ഗണ്ണുമായും പീറ്റർ സഫ്രാനുമായുള്ള ചർച്ച ഇപ്പോൾ കഴിഞ്ഞു. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാർത്തയാണ് പറയുവാനുള്ളത്. എല്ലാത്തിനുമുപരി…ഞാൻ സൂപ്പർമാനായി മടങ്ങിവരില്ല”-ഹെൻറി കാവിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“ഒക്ടോബറിൽ സ്റ്റുഡിയോ തന്നെ എന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ഈ വാർത്ത എന്നെ തളർത്തുന്നു. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. ഞാനവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ജയിംസിനും പീറ്ററിനും പുതിയൊരു യൂണിവേഴ്സ് സൃഷ്ടിക്കണം. അവർക്കും സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. എന്റെ ഒപ്പം നിന്ന ആളുകളോട് സൂപ്പർമാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. അയാൾ സൃഷ്ടിച്ച ഉദാഹരണങ്ങളും നിലപാടുകളും എന്നും അവിടെതന്നെ ഉണ്ടാകും”-ഹെൻറി പറയുന്നു.

“കേപ്പ് ധരിക്കാനുള്ള എന്റെ ഊഴം കഴിഞ്ഞു..നിങ്ങളോടൊപ്പമുള്ള ഈ അപ്പ് ആൻഡ് ഡൗൺ യാത്ര രസകരമായിരുന്നു.”-ഹെൻറി കാവിൽ കുറിപ്പ് അവസാനിപ്പിക്കുന്നു. സൂപ്പർമാന്റെയും ഹെൻറി കാവിലിന്റെയും ആരാധകർ അടുത്തിടെ വളരെ ആവേശത്തിലായിരുന്നു. ഡ്വെയ്ൻ ജോൺസന്റെ ബ്ലാക്ക് ആദത്തിന്റെ ക്ലൈമാക്സിൽ സൂപ്പർമാനായി ഹെൻറി കാവിൽ എത്തിയിരുന്നു. ഹെൻറി റെഡ് കേപ്പ് അഴിക്കുമ്പോൾ അടുത്ത സൂപ്പർമാൻ ആരാകുമെന്നത് കണ്ടറിയണം.