ആള്‍താമസം ഇല്ലാത്ത കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഈ ഹോട്ടല്‍ എവിടെയാണെന്ന് അറിയാമോ?

0

ഒറ്റ നോട്ടത്തില്‍ ഇതൊരു പ്രേതാലയം തന്നെയാണ്. ആളും ആരവവും ഇല്ല. 70 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച  10,000 മുറികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഈ ഹോട്ടലില്‍ ഇന്ന് ആരും താമസമില്ല. ഹിറ്റ്ലര്‍ ഭരണത്തിന്റെ ഓര്‍മ്മകള്‍ പേറുന്നതാണ് ഈ കെട്ടിടം.

ജര്‍മ്മനിയിലെ ബാള്‍ടിക് കടലില്‍ സ്ഥിതി ചെയ്യുന്ന റുഗനില്‍ ദ്വീപിലെ കടലിനു അഭിമുഖമായിട്ടാണ് ഈ ഹോട്ടല്‍ പണിതിരിക്കുന്നത്.പ്രോറ എന്ന പേരിലുള്ള ഈ ബീച്ച് റിസോര്‍ട്ട് നിര്‍മ്മിച്ചത് ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ഉത്തരവ് പ്രകാരം നാസിസം പ്രചരിപ്പിക്കാനായിരുന്നു. 1936 നും 1939 നും ഇടയിലാണ് ഈ റിസോര്‍ട്ട് പണികഴിപ്പിച്ചത്.എന്നാല്‍ ഇടക്ക് എപ്പോഴോ പണിപൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയി എന്നാണ് ചരിത്രം രേഖപെടുത്തുന്നത്.

3 മൈല്‍ (4.5 കിലോമീറ്റര്‍) ആണ് ഹോട്ടല്‍ സമുച്ചയത്തിന്റെ നീളം. ബീച്ചില്‍ നിന്നും 150 മീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരേ പോലുള്ള എട്ട് കെട്ടിട്ടങ്ങളായിട്ടാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 9,000 തൊഴിലാളികള്‍ മൂന്ന് വര്‍ഷക്കാലം ഹോട്ടലിന്റെ നിര്‍മ്മാണത്തിനായി പണിയെടുത്തിരുന്നു.

20,000 കിടക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഒരു ഹോട്ടലായിരിക്കണം പ്രോറ എന്നാണ് ഹിറ്റ്‌ലര്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് ചരിത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത്.കെട്ടിട്ടത്തിന്റെ നടുവിലായി ഒരു സൈനിക ആശുപത്രിയുണ്ടായിരുന്നു.ഹിറ്റ്ലര്‍ യുഗം അവസാനിച്ചതോടെ ഈ ഭീമന്‍ കെട്ടിടവും പതിയെ വിസ്മൃതിയില്‍ ആകുകയായിരുന്നു.