യുഎസിൽ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്; ലൂസിയാനയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു

0

ലൂസിയാന∙ യുഎസിലെ ലൂസിയാനയില്‍ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത വേലിയേറ്റവും മണ്ണിടിച്ചലും ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ സമീപ കാലത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ലോറ, മണിക്കുറില്‍ 150 മൈല്‍ വേഗത്തിലാണ് വീശിയത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൂസിയാനയിലെ ലിസ്വീലെയിലാണ്. വീടിന് മുകളില്‍ മരം വീണ് പതിനാലുകാരിയാണ് മരിച്ചത്. പടിഞ്ഞാറന്‍ ലൂസിയാനയില്‍ മണ്ണിടിച്ചിലില്‍ പെട്ട നാല് പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു, ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കനത്തകാറ്റില്‍ ഒരു കസിനോയുടെ മേല്‍ക്കൂര നിലംപൊത്തി. കാറ്റഗറി നാല് വിഭാഗത്തില്‍പെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതിയിലാണ് ആഞ്ഞടിക്കുന്നത്.

ലൂസിയാനയില്‍ അഞ്ചുലക്ഷത്തിലേറെ വീടുകളിലും ടെക്സസില്‍ ഒരുലക്ഷത്തിലേറെ വീടുകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. ചുഴലിക്കാറ്റ് മുന്നില്‍കണ്ട് നേരത്തെ അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ചുഴലിക്കാറ്റ് ഇനിയും ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.