പ്രശസ്ത സംവിധായകൻ‌ ഐ.വി. ശശി അന്തരിച്ചു

0

പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു. 69 വയസ്സായിരുന്നു. കാൻസറിന് ചികിത്സയിലായിരുന്നു. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി.

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായും പ്രവർത്തിച്ചു. പിന്നീട് സഹ സം‌വിധായകനായി. 1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ സ്വന്തമാക്കി. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി. കുടുംബത്തോടെ ചെന്നൈയിലായിരുന്നു താമസം.