വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല; പകരം ഋഷഭ് പന്ത്

0

ലണ്ടന്‍: വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ കളിക്കില്ല. ഇടതു തള്ളവിരലിനാണ് താരത്തിന് പരിക്കേറ്റത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഇതോടെ ധവാന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി.

കഴിഞ്ഞ ഞായറാഴ്ച നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് ധവാന്റെ വിരലിന് പരിക്കേറ്റത്. ഓസീസ് താരം പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ വിരലില്‍ കൊണ്ടതിനെ തുടർന്ന് വിരൽ പൊട്ടുകയായിരുന്നു. വിരലിന് പൊട്ടലുണ്ടെന്ന് പിന്നീട് സ്‌കാനിങ്ങില്‍ വ്യക്തമായി. താരത്തെ ഒരാഴ്ച നിരീക്ഷിച്ച ശേഷമാണ് ടീം മാനേജ്‌മെന്റിന്റെ ഈ നിലപാട്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം കളത്തിലിറങ്ങിയത്.