ഭക്ഷണം കഴിക്കുന്നതിന്റെയും, ആഡംബര കാറിന്റെയുമെല്ലാം ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവര്‍ ശ്രദ്ധിക്കുക; ആദായനികുതി വകുപ്പു നിങ്ങളുടെ പിന്നാലെയുണ്ട്

0

എവിടെ നിന്നു ഭക്ഷണം കഴിച്ചാലും അതു ചിത്രമെടുത്ത് ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഇടുന്നവരും , ആഡംബര കാറുകൾക്ക് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നവരും ഒന്ന് ശ്രദ്ധിക്കുക. ആഡംബരം കാട്ടാന്‍ ചെയ്യുന്ന ഈ പ്രവര്‍ത്തികള്‍ ചിലപ്പോള്‍ നിങ്ങള്ക്ക് പാരയാകും. അത്പോലെ വജ്രാഭരണങ്ങളുടെയും പുതിയതായി വാങ്ങിയ വീടിന്റെയും എല്ലാം ചിത്രം പങ്കുവെയ്ക്കുമ്പോഴും ശ്രദ്ധിക്കുക. കാരണം ഒരാളുടെ വരുമാനം പരിശോധിക്കാൻ ആധുനിക മാർഗ്ഗങ്ങൾ തേടുകയാണ് ആദായ നികുതി വകുപ്പ്. അതുകൊണ്ട് ആദായനികുതി വകുപ്പും നിങ്ങളുടെ പോസ്റ്റുകൾക്ക് മേൽ കണ്ണും നട്ടിരിക്കുന്നുണ്ടാകും എന്ന് ഓര്‍ക്കുക.

നികുതി വെട്ടിപ്പുകാരെ വെട്ടിലാക്കാന്‍ സര്‍ക്കാര്‍ പല വഴികളും സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജനങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും സര്‍ക്കാര്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.വ്യക്തികളുടെ ചെലവാണ് ഇതിലൂടെ പരിശോധിക്കുക.

ആദായ നികുതി റിട്ടേണിലൂടെ വെളിപ്പെടുത്തുന്ന വരുമാനവുമായി ഇത് താരതമ്യം ചെയ്യും. റെയ്ഡ് പോലുള്ള പഴയ രീതികളിൽനിന്ന് വിട്ട് സ്വകാര്യ വിവരങ്ങൾ ശേഖരിച്ചായിരിക്കും ഇനി പരിശോധന. വൻഇടപാടുകൾ പരിശോധിക്കുന്നതിനായി പ്രൊജക്ട് ഇൻസൈറ്റ് എന്ന പദ്ധതി ധനകാര്യമന്ത്രാലയം 2017 മെയിൽ കൊണ്ടുവന്നിരുന്നു. വിവിധ ഇടപാടുകൾക്ക് പാൻ നിർബന്ധമാക്കിയത് ഈ പദ്ധതിയുടെ ഭാഗമായാണ്.

പ്രൊജക്ട് ഇന്‍സൈറ്റ് എന്നാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ വിളിക്കുന്നത്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം,ട്വിറ്റർ അടക്കമുളള സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളാണ് ആദായ നികുതി വകുപ്പ് നിരീക്ഷണത്തിന് വിധേയമാക്കുക. പൂർണ സ്വാതന്ത്ര്യമുള്ള ഇടം എന്നത് കൊണ്ട് തന്നെ തങ്ങളുടെ ആഡംബരങ്ങളെല്ലാം പ്രദർശിപ്പിക്കാൻ പലരും ഫെയ്സ്ബുക്കിൽ ആണ് ഇടം കണ്ടെത്തുന്നത്. കണക്കിലുള്ളവയോ അല്ലാത്തവയോ എന്നില്ലാതെയാണ് പുതിയ കാറോ ബൈക്കോ മറ്റ് വിലപിടിപ്പുളള വസ്തുക്കളോ ഒക്കം വാങ്ങിയാല്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ഇതിനാൽ തന്നെ ആദ്യകാലത്തേക്കാൾ വളരെ ന്യൂജെൻ ആയി അനധികൃത സ്വത്തുകണ്ടെത്താൻ ഇത് ആദായനികുതി വകുപ്പിന് സഹായകമാകും.