കനത്ത മഴ; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഉപേക്ഷിച്ചു

1

ധര്‍മശാല: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ധര്‍മശാലയില്‍ കനത്ത മഴയെ തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.

രാവിലെ മഴമാറി നിന്നെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം വീണ്ടും മഴ പെയ്യുകയായിരുന്നു. അതോടെ 6.30-ന് മുമ്പ് മൈതാനം സജ്ജമാക്കി 20 ഓവര്‍ മത്സരമെങ്കിലും നടത്താമെന്ന പ്രതീക്ഷ മഴ കനത്തതോടെ ഇല്ലാതാകുകയായിരുന്നു. രാവിലെ ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരം വൈകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വീണ്ടും മഴയെത്തിയതോടെ മത്സരം പ്രതിസന്ധിയിലാകുകയായിരുന്നു.

രണ്ടാം മത്സരം 15ന് ലഖ്‌നൗവില്‍ നടക്കും. 18ന് കൊല്‍ക്കത്തയിലാണ് മൂന്നാം ഏകദിനം. എന്നാല്‍ ഈ രണ്ട് മത്സരങ്ങള്‍ക്കും കാണികളെ പ്രവേശിപ്പിച്ചേക്കില്ല. ന്യൂസിലന്‍ഡിലെ പരമ്പര നഷ്ടത്തിന് ശേഷമാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്.

പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്ക് ഭേദമായി തിരിച്ചുവരുന്നതാണ് ഇന്ത്യന്‍ ടീമിന്റെ സവിശേഷത. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനും പൃഥ്വി ഷായും പരമ്പരയില്‍ ഓപ്പണര്‍മാരായേക്കും. കൊവിഡ് 19 ഭീതിയും മഴഭീഷണിയും കാരണം പകുതിയോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിട്ടുള്ളത്.