300 ഇന്ത്യക്കാരുടെ രക്തസാമ്പിളുമായി ഇറാനില്‍നിന്ന് വിമാനമെത്തും; ഇന്ത്യയിലുള്ള ഇറാന്‍കാരുമായി മടങ്ങും

0

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 300 ഇന്ത്യക്കാരുടെ രക്ത സാമ്പിളുമായി ഇറാനില്‍നിന്ന് വിമാനം ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനം എത്തുക. തുടര്‍ന്ന് ഇന്ത്യയിലുള്ള ഇറാന്‍കാരുമായി വിമാനം തിരികെ പോകുമെന്നാണ് ലഭിക്കുന്ന വിവരം.

ഇറാന്റെ ‘മഹാന്‍ എയര്‍’ വിമാനമാണ് ഇന്ത്യയിലെത്തുക. വിമാനത്തിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തോളം ഇന്ത്യക്കാരില്‍ 300 പേരുടെ രക്തസാമ്പിളാണ് പരിശോധനയ്ക്കായി കൊണ്ടുവരുന്നത്. അവിടെ ലാബ് സജ്ജമാക്കാനുള്ള ഇന്ത്യയുടെ ശ്രമം ഫലപ്രദമാകാത്തതിനെ തുടർന്നാണിത്. സാംപിൾ ഇന്ത്യയിൽ പരിശോധിച്ചു വൈറസ് ബാധയില്ലെന്നു ഉറപ്പാക്കുന്നവരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയുടെ വിമാനം ടെഹ്റാനിലെത്തും.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 85 മലയാളികളുമുണ്ട്. ഇവരെല്ലാവരും മത്സ്യത്തൊഴിലാളികളാണ്. ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാനേരത്തെ ശ്രമം ആരംഭിച്ചിരുന്നു. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ അധികൃതരുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കിവരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിവ്യക്തമാക്കി.

ഡൽഹിയിലേക്കായിരിക്കും ഇറാനിൽ നിന്നുള്ള രക്ഷാവിമാനം എത്തുക.ഇന്ത്യയില്‍ 2000ഓളം ഇറാന്‍കാരാണ് ഉള്ളതെന്നാണ് കണക്ക്. സാംപിളുമായി ഇന്ത്യയിലെത്തുന്ന ഇറാൻ വിമാനത്തിൽ ഇവിടെ കുടുങ്ങിയിട്ടുള്ള ഇറാന്‍കാരെ തിരികെ കൊണ്ടുപോകും.