നടൻ കലാശാല ബാബു അന്തരിച്ചു

0

മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. തൃപ്പൂണിത്തുറ മിൽമ ജങ‌്ഷന‌് സമീപം റോയൽ അപ്പാർട്ടുമെന്റിലായിരുന്നു താമസം. അഞ്ചുമാസമായി ചികിത്സയിലായിരുന്നു.

കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്.

കോളേജിൽ പഠിച്ചിരുന്ന കാലത്ത് തന്നെ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 1977-ൽ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് തുടക്കം കുറിച്ചു. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാൽ നാടകത്തിലേക്ക് മടങ്ങി. പിന്നീട്  കലാശാല എന്ന പേരിൽ ഒരു നാടക ട്രൂപ് തുടങ്ങി.

തുടർന്ന് സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ലോഹിതദാസിന്റെ കസ്‌തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. ഇരുത്തംവന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികൾക്കു പരിചിതനാണ്. ലയൻ എന്ന ദിലീപ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റൺവേ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തു. ഭാര്യ: ലളിത. മക്കൾ: ശ്രീദേവി, വിശ്വനാഥൻ.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.