“പ്രേക്ഷകർ കരഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി” ആലിയാ ഭട്ട്

0

റാസി പ്രദർശിപ്പിക്കുന്ന മുംബയിലെ ആ തിയേറ്ററിലേക്ക് നായിക ആലിയാ ഭട്ടും നായകൻ വിക്കി കൗശലും അപ്രതീക്ഷിതമായി എത്തിയപ്പോൾ പ്രേക്ഷകർ ശരിക്കും അമ്പരന്നു. 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ ചാരപ്രവർത്തനത്തിന്റെ കഥ പറയുന്ന ചിത്രം പാകിസ്ഥാനിൽ അനുമതി നിഷേധിച്ചപ്പോൾ താരങ്ങളും അണിയറപ്രവർത്തകരും അമ്പരക്കുകയും ഇന്ത്യൻ പ്രേക്ഷകർ ചിത്രം എങ്ങനെ സ്വീകരിക്കുമെന്ന് ആകാംക്ഷ ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായാണ് താരങ്ങൾ പ്രേക്ഷകരെ കാണാൻ തിയേറ്ററിൽ എത്തിയത്.

പക്ഷേ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ഹിറ്റിലേക്കുള്ള യാത്ര തുടങ്ങുകയും ചെയ്തു. ഇപ്പോഴാണ് ആലിയയുടെയും സംവിധായിക മേഘ്‌നാ ഗുൽസാറിന്റെയും അമ്പരപ്പ് യഥാർത്ഥത്തിൽ മാറിയത്. ‘എത്ര മാസമായി അവർ ഉറങ്ങിയിട്ടെന്ന് ദൈവത്തിനേ അറിയൂ,” ആലിയ പറയുന്നു, “ചിത്രം റിലീസ് ചെയ്യും വരെ മേഘ്‌നയുടെ മുഖത്ത് ടെൻഷൻ കാണാമായിരുന്നു. പക്ഷേ പ്രേക്ഷകർ ചിത്രത്തെ സ്‌നേഹത്തോടെ വരവേറ്റു. ഞാൻ അഭിനയിച്ച ചില രംഗങ്ങൾ കണ്ട് പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞപ്പോൾ, എന്റെ വേഷം ഞാനും ഭംഗിയാക്കിയെന്ന് എനിക്ക് ബോധ്യമായി. അവർ കരയുന്നതു കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.”

പാകിസ്ഥാൻ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിനെക്കുറിച്ച് ആലിയ പറയുന്നു, “ഞങ്ങൾ ആരുടെയെങ്കിലും പക്ഷം പിടിക്കാനോ ആരെയെങ്കിലും നിന്ദിക്കാനോ ചിത്രത്തിലൂടെ ശ്രമിച്ചിട്ടില്ല. അത് ചിത്രം കാണുന്നവർക്ക് ബോധ്യമാകും. ഇത് ആദ്യമായല്ല ഒരു ചിത്രം പാകിസ്ഥാനിൽ പ്രദർശനം നിഷേധിക്കുന്നത്.”