‘മക്കൾ നീതി മയ്യം’; കമലിന്റെ രാഷ്ട്രീയപ്രവേശനം ഒടുവില്‍ സഫലമായി

0

തമിഴ് സൂപ്പർ താരം കമൽഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്  ‘മക്കൾ നീതി മയ്യം’. ഇന്നലെയായിരുന്നു മധുരയിലെ ഒത്തക്കട മൈതാനത്ത് വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി കമലിന്റെ രാഷ്ട്രീയപ്രവേശനം.

രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്കു ശേഷമാണ് മധുരയിൽ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ പേരും ആശയവും റാലിയിൽ പ്രഖ്യാപിച്ചു. മൈതാനത്തു പാർട്ടിയുടെ പതാകയും ഉയർത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

രാമേശ്വരത്തെ മോസ്‌ക്‌ സ്‌ട്രീറ്റിലെ മുൻ രാഷ്ട്രപതി എപിജെ അബ്‌ദുൽ കലാമിന്റെ വസതിയിൽ രാവിലെ ഏഴരയോടെയാണ് പര്യടനത്തിനു തുടക്കം കുറിച്ചത്. രാമേശ്വരത്തെ അബ്ദുല്‍ കലാം സ്മാരകം സന്ദർശിച്ചു പൂക്കള്‍ സമർപ്പിച്ച കമൽ പിന്നീട് ജന്മനാടായ രാമനാഥപുരത്തേക്കു തിരിച്ചു. അവിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

മഹത്തായ കാര്യങ്ങൾക്ക് ലളിതമായ തുടക്കമാണുണ്ടാകാറുള്ളതെന്ന് കമൽ ട്വിറ്ററിൽ കുറിച്ചു. ലളിതജീവിതം നയിച്ച ഒരു മഹാന്റെ വസതിയിൽ നിന്നു യാത്ര തുടങ്ങാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘കലാമിന്റെ വസതി സന്ദര്‍ശിച്ചതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഏറെ ഇഷ്ടമാണ്. എളിമയേറിയ ജീവിതസാഹചര്യങ്ങളിൽ നിന്നാണു കലാമിന്റെ വരവ്. ആ എളിമ ജീവിതത്തിലുമുണ്ട്. അത് ഇഷ്ടപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു തന്നെ യാത്ര ആരംഭിച്ചത്. ജനങ്ങളോട് എന്നോടൊപ്പം ചേരണമെന്നല്ല ആവശ്യപ്പെടുന്നത്. ജനങ്ങൾക്കൊപ്പം ഞാൻ ചേരുകയാണിവിടെ…’ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കമൽ വ്യക്തമാക്കി.

അബ്ദുൽ കലാം പഠിച്ച സ്കൂളിൽ സന്ദർശനം നടത്താനും കമലിനു താത്പര്യമുണ്ടായിരുന്നു. എന്നാല്‍ വിദ്യാലയത്തിൽ രാഷ്ട്രീയം വിലക്കി അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിനോടുള്ള ഉലകനായകന്റെ പ്രതികരണം ഇങ്ങനെ: ‘നിങ്ങൾക്കെന്നെ പള്ളിക്കൂടത്തിൽ പോകുന്നതിൽ നിന്നു വിലക്കാം, പക്ഷേ പാഠം പഠിക്കുന്നതിൽ നിന്നു തടയാനാകില്ല’.

രാഷ്ട്രീയത്തിൽ തന്റെ ആശയം എന്താണെന്നതു പ്രസക്തമല്ല. വിശക്കുമ്പോൾ ഭക്ഷണം പോലെ അവശ്യസമയത്ത് കൃത്യമായ ആശയങ്ങൾ സ്വീകരിക്കും. നടന്മാർ എന്തിനാണു രാഷ്ട്രീയത്തിലേക്കു വരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. നേരത്തേ ഇത്തരത്തിൽ രാഷ്ട്രീയത്തിലേക്കു വന്നിരുന്നത് അഭിഭാഷകരായിരുന്നു. ഗാന്ധിജിയും അംബേദ്കറുമെല്ലാം അങ്ങനെ വന്നതാണ്. അവരോടൊന്നും പക്ഷേ ആരും എന്തുകൊണ്ടു രാഷ്ട്രീയത്തിലേക്കെന്നു ചോദിച്ചില്ല. നടന്മാരുടെ വരവും അങ്ങനെ കണ്ടാൽ മതി. എല്ലാവരും രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നാണു തന്റെ അഭിപ്രായമെന്നും കമൽ പറഞ്ഞു.