‘നിങ്ങള്‍ മണികര്‍ണികയല്ലേ, അതിര്‍ത്തിയിലേക്ക് പോകൂ, ചൈനയെ തോല്‍പ്പിക്കൂ’; കങ്കണയെ പരിഹസിച്ച് അനുരാ​ഗ് കശ്യപ്

0

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരുമായുള്ള പ്രശ്നങ്ങളും, വിവാദങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ചാവിഷയം. നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണത്തോടെ മഹാരാഷ്ട്ര സര്‍ക്കാരും കങ്കണയും തമ്മില്‍ ആരംഭിച്ച തര്‍ക്കം ഇപ്പോള്‍ ബോളിവുഡ് താരങ്ങളിലേക്കും കടന്നിരിക്കുകയാണ്. ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ജയാ ബച്ചൻ, ഊർമിള മതോന്ദ്കറടക്കമുള്ളവർ രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കങ്കണ പങ്കുവച്ച ട്വീറ്റിന് പരിഹാസവുമായി വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപ്.

ആത്മാഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആരുടെ മുന്നിലും തല കുനിക്കില്ലെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.

“ഞാന്‍ പോരാളിയാണ്. എനിക്ക് എന്റെ തല അറുക്ക ക്കാന്‍ ഞാൻ സമ്മതം നൽകും, പക്ഷേ എനിക്ക് തല കുനിക്കാനാകില്ല. രാജ്യത്തിന്റെ അഭിമാനത്തിനുവേണ്ടി ഞാന്‍ എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും. അഭിമാനിയായി ബഹുമാന്യയായി സ്വാഭിമാനത്തോടെ ദേശീയവാദിയായി അഭിമാനത്തോടെ ഞാന്‍ ജീവിക്കും..എന്റെ തത്വങ്ങളിൽ ഞാൻ വിട്ടുവീഴ്ച്ച ചെയ്യില്ല. ഞാൻ ഒരിക്കലും അത് ചെയ്യില്ല ജയ് ഹിന്ദ്.” എന്ന കങ്കണയുടെ ട്വീറ്റിനാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് മറുപടി നല്‍കിയിരിക്കുന്നത്.

‘നാലഞ്ച് പേരെ കൂട്ടി അതിര്‍ത്തിയില്‍ പോയി ചൈനയെ തോല്‍പ്പിക്കൂ’ എന്നാണ് കശ്യപ് കങ്കണയെ പരിഹസിച്ചത്. ”നിങ്ങള്‍ ഒരേയൊരു മണികര്‍ണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകര്‍ക്കൂ. നോക്കൂ, അവര്‍ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്. നിങ്ങള്‍ ഇവിടെ ഉള്ളിടത്തോളം ആര്‍ക്കും ഈ രാജ്യത്തെ തൊടാനാകില്ലെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്” – അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

എന്നാൽ ഇതിന് മറുപടിയുമായും കങ്കണ രം​ഗത്തെത്തിയിട്ടുണ്ട്. “ശരി ഞാൻ അതിർത്തിയിൽ പോകാം. നിങ്ങൾ അടുത്ത ഒളിമ്പിക്സിന് പോകണം. നമ്മുടെ രാജ്യത്തിനായി സ്വർണമെഡൽ കൊണ്ടുവരണം. കലാകാരന്മാർക്ക് എന്തുമാകാൻ സാധിക്കുന്ന ബി-​ഗ്രേഡ് ചിത്രമല്ല ഇത്. നിങ്ങൾ അലങ്കാര വാക്കുകളെ അതുപോലെ തന്നെ മനസിലാക്കുകയാണ്. എന്ന് മുതലാണ് ഇങ്ങനെ വി‍ഡ്ഢിയായി മാറിയത്. നമ്മൾ സു​ഹൃത്തുക്കളായിരുന്ന സമയത്ത് നിങ്ങൾക്കൽപം കൗശലമൊക്കെ ഉണ്ടായിരുന്നു”. കങ്കണ ട്വീറ്റ് ചെയ്യുന്നു.