ഹെല്‍മറ്റില്ലാത്തതിന് 500 രൂപ പിഴയിട്ട് പോലീസ്; പിഴ അടയ്ക്കാൻ പണമില്ലാതെ താലിമാല ഊരിക്കൊടുത്ത് യുവതി

0

ബെളഗാവി ∙ പിഴ അടയ്ക്കാൻ പണം കയ്യിലില്ലെന്നു പറഞ്ഞിട്ടും കേൾക്കാത്ത ട്രാഫിക് പൊലീസിനു താലിമാല ഊരി നൽകി യുവതി. കര്‍ണാടകയിലെ ബെളഗാവിയിലാണു സംഭവം. ഹുക്കേരി സ്വദേശിയായ ഭാരതി വിഭൂതി (30) ആണ് താലിമാല ഊരി നൽകിയത്. ഭർത്താവിനൊപ്പം ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്തു എന്ന കുറ്റത്തിനാണു പൊലീസ് പിടിച്ചത്.

ഹെല്‍മെറ്റില്ലാതെ യാത്രചെയ്തതിന് ദമ്പതിമാരില്‍നിന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ട പിഴ 500 രൂപയാണ്. കൈയില്‍ പണമില്ലെന്ന് പറഞ്ഞിട്ടും പോലീസ് ഇവരെ വെറുതെവിട്ടില്ല. ഒടുവില്‍ യുവതി നടുറോഡില്‍നിന്ന് താലിമാല ഊരിനല്‍കിയതോടെ പോലീസുകാര്‍ നടുങ്ങി. ഇത് കണ്ടെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ ഇടപെട്ടതോടെ ദമ്പതിമാരെ വിട്ടയക്കുകയും ചെയ്തു.

കയ്യിൽ പണമില്ലെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു. ഇത് വിശ്വസിക്കാൻ പൊലീസ് തയാറായില്ല. രണ്ട് മണിക്കൂറോളം ദമ്പതികളെ പൊലീസ് പിടിച്ചുനിർത്തി. ഇവർ അപേക്ഷിച്ചിട്ടും വിടാൻ തയാറായില്ല. ഇതോടെയാണ് യുവതി താലിമാല ഊരി പൊലീസുകാരനു നേർക്കു നീട്ടിയത്. ഇത് വിറ്റു കിട്ടുന്ന പണം പിഴ ഇനത്തിൽ ഈടാക്കിക്കോളൂ എന്നും പറഞ്ഞു. ഇതിന്റെ വിഡിയോ ചിലർ പകർത്താൻ തുടങ്ങി. സ്ഥലത്തെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണു ദമ്പതികളെ പോകാൻ അനുവദിച്ചത്.