കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു

0

കോട്ടയം: പ്രശസ്തകഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച നെഗറ്റീവായ ശേഷം ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഥകളി ആചാര്യന്‍ ഗുരുകുടമാളൂര്‍ കരുണാകരന്‍ നായരുടെ മരുമകനാണ്.

ആലപ്പുഴ നെടുമുടിയില്‍ 1940 ഒക്ടോബറിലായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ ജനനം. പതിനാലാം വയസ്സു മുതല്‍ കഥകളി അഭ്യസിച്ചു തുടങ്ങി. മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരോടൊപ്പം കഥകളിയിലെ ഒട്ടുമിക്ക നായികാ വേഷങ്ങളും ഗോവിന്ദന്‍ കുട്ടി അവതരിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര– സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. കുടമാളൂര്‍ കരുണാകരന്‍ നായരുടെ മകളായ രാജേശ്വരിയാണ് ഭാര്യ. ചെണ്ട വിദ്വാന്‍ ഗോപീകൃഷ്ണന്‍, കഥകളി നടന്‍ കുടമാളൂര്‍ മുരളീകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.