കൂടത്തായി: കൂടത്തായി കൊലപാതകപരമ്പരയിൽ ജോളിയുടെ പുതിയ മൊഴി പുറത്ത്. ജോളി, രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോൺസന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്. ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം ചെയ്യാനാണ് ഷാജുവിനേയും ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത്. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ ജോളി സമ്മതിച്ചിരുന്നു.അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനമായിരുന്നു ജോളിയുടെ ലക്ഷ്യം.
ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോൺസൺ. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു . കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാൻ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.
ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐ ഐ എമ്മില്‍ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്ന് ഇറങ്ങിയത്.
ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
ഷാജുവും ജോളിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോൺസനെ വിവാഹം കഴിക്കാൻ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോൺസന്റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ കൊലപാതകത്തിൽ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോൺസൺ നേരത്തെ പൊലീസിനെ അറിയിച്ചത്. ആറ് മണിക്കൂറിൽ അധികമെടുത്താണ് ജോൺസന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോൺസൺ ഫോണിൽ ദീർഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ കൊലപാതകങ്ങളിലടക്കം ജോൺസന് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇനി കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങും. കോയമ്പത്തൂരിൽ പോയി തെളിവെടുക്കുന്നതടക്കം അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്.
ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു വ്യക്തമാക്കിയിരുന്നു.ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു…അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടിൽ നിർത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്കൂളിൽ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആണ് ഷാജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
അതേസമയം കേസിലെ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്താന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായിയിലെത്തും. പൊന്നാമറ്റം വീട്ടിലെത്തി കാര്യങ്ങള്‍ വിലയിരുത്താന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായിയിലെത്തും. പൊന്നാമറ്റം വീട്ടിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം വടകര എസ് പി ഓഫീസിലെത്തും. അന്വേഷണ ഉദ്യോഗരെയെല്ലാം ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് പത്തുമണിയോടെ ഡിജിപിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും കേസിന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുകയും ചെയ്യും.