‘വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരൂന്ന് തോന്നണില്ലാട്ടാ’; കുമ്പളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീൻ വൈറലാകുന്നു

0

പ്രേക്ഷകന് കാഴ്ചയുടെ പുതുവസന്തം തീർത്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഇതിലെ ഓരോ സീനുകളും എത്ര ആവർത്തി കണ്ടാലും മടുപ്പു തോന്നാത്തവയാണ്.പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി തിയെറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് കുമ്പളങ്ങി നൈറ്റ്സ്. ഇപ്പോൾ ചിത്രത്തിലെ ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തു കളഞ്ഞ 55 സെക്കന്റ് നീളുന്ന അമ്മയെ കാണാൻ വൃത്തിയും വെടിപ്പുമുള്ള വേഷം തിരഞ്ഞെടുക്കാൻ തുണിക്കടയിൽ കയറുന്ന സഹോദരന്മാരുടെ രംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയെ കാണാൻ എന്ന ക്യാപ്ഷനോടുകൂടിയാണ് അണിയറ പ്രവർത്തകർ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സജിയും ബോണിയും ട്രയൽ റൂമിൽ പുതിയ ഡ്രസ് ട്രൈ ചെയ്യുമ്പോൾ ക്യാഷ് കൗണ്ടറിന് അരികിൽ നിൽക്കുകയാണ് ബോബിയും ഫ്രാങ്കിയും. ഈ വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരുമെന്ന് എനിക്ക് തോന്നുന്നില്ലാട്ടേ എന്ന് ബോബി പറയുമ്പോൾ, ഏയ് ഇല്ല.. നമ്മുക്ക് സജിയെക്കൊണ്ട് സിൻസിയർ ആയി ഒരു സോറി പറയിക്കാം. നമ്മൾക്കും വിളിക്കാം. അമ്മ വന്നാലേ ചീത്തപ്പേര് പോവുള്ളു എന്ന് ഫ്രാങ്കി ബോബിയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ‘വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരൂന്ന് തോന്നണില്ലാട്ടാ’ എന്ന് ബോബി പറയുന്ന ഡയലോഗാണ് സീനിലെ ഹൈലൈറ്റ്. ഇത്രയും മനോഹരമായ സീൻ ഡിലീറ്റ് ചെയ്തത് എന്തിനാണെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും സിനിമ പോലെത്തന്നെ ഇതിൽ നിന്നും ഒഴിവാക്കിയ രംഗങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.