വയനാട് എംപി എംഐ ഷാനവാസ് അന്തരിച്ചു

0

കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും.

ഏറെകാലമായി വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസാദ്യം കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്ടിനായിരുന്നു കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് എം.പി വിധേയനായത്. ശസ്ത്രക്രിയ്ക്ക് ശേഷം രണ്ടു ദിവസത്തിനുള്ളില്‍ അണുബാധയുണ്ടായതാണ് ആരോഗ്യനില മോശമാകുന്നത് കാരണമായി. 
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി.


കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍,യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്, കെപിസിസി വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണയായി വയനാടിനെ പ്രതിനീധികരിച്ച് പാർലമെന്‍റിലെത്തിയിരുന്നു. 
വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.