സിംഗപ്പൂര്‍ മലയാളികളുടെ സ്വന്തം “ഗ്രഹണം“ തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു

0

സിംഗപ്പൂര്‍ : സിംഗപ്പൂർ മലയാളികൾക്ക് അഭിമാനിക്കുവാനും സന്തോഷിക്കുവാനും ലൂണാർ പുതുവത്സരസമ്മാനമായി ഗ്രഹണം പ്രദര്‍ശനം തുടങ്ങി.സിംഗപ്പൂർ മലയാളികളുടെ സ്വന്തം സിനിമയായ ”ഗ്രഹണം” ആദ്യപ്രദര്‍ശനം കഴിഞ്ഞപ്പോള്‍ മികച്ച പ്രേക്ഷകപ്രതികരണവുമായി മുന്നേറുന്നു . സിംഗപ്പൂരിലെ കാര്‍ണിവല്‍ സിനിമാസില്‍ വൈകിട്ട് 5.30-ന് ആരംഭിച്ച ഷോയുടെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റ്‌ തീര്‍ന്നിരുന്നു . സിനിമയുടെ അണിയറപ്രവര്‍ത്തകരും ആദ്യഷോ കാണുവാനായി എത്തിയിരുന്നു . ശ്രീനന്ദ്യ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ആനന്ദ് പാഗ സംവിധാനം ചെയ്ത ഗ്രഹണം നിർമ്മിച്ചിരിക്കുന്നത് ദേവിക ശിവനും ആനന്ദ് പാഗയും ചേർന്നാണ്.

പ്രേക്ഷരുടെ ആവശ്യപ്രകാരം ശനിയാഴ്ച മാത്രം രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും . സിംഗപ്പൂരിലെ പ്രദര്‍ശനത്തിനു ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് സിനിമയുടെ പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു .

ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ഗ്രഹണം സ്‌നേഹത്തിന്റെയും വഞ്ചനയുടെയും സസ്പൻസ്ന്റെയും വികാരതീവ്രമായ രംഗങ്ങളിലൂടെ മുന്നോട്ട് പോകുകയാണ്. ഒട്ടുമിക്ക സീനുകളും സിംഗപ്പൂരിൽ വെച്ചുതന്നെയാണ് ചിത്രീകരണം നടത്തിയിട്ടുള്ളത് എന്നതിനാൽ രാജ് വിമൽ ദേവ് ഒപ്പിയെടുത്ത സിംഗപ്പൂരിന്റെ വശ്യസുന്ദരമായ കാഴ്ചകൾ പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം ആയിരുന്നു . മികച്ച തിരക്കഥയും സംവിധാനമികവും കൊണ്ട് സിനിമ ഇതിനോടകം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഭൂരിഭാഗം കലാകാരന്മാരും പുതുമുഖങ്ങളാണെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ് .

ഗ്രഹണത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് സിംഗപ്പൂരിലെ കലാരംഗത്ത് സ്ഥിരസാന്നിദ്ധ്യങ്ങളായ ജിബു ജോർജ്ജും ദേവിക ശിവനും ആണ്. മലയാളസിനിമയിലെ പ്രശസ്ത അഭിനേതാക്കളായ സുധീർ കരമന, വിജയ് മേനോൻ എന്നിവർക്കൊപ്പം സിംഗപ്പൂരിലെ അഭിനേതാക്കളായ ജയറാം നായർ, ബിനൂപ് നായർ, സൂരജ് ജയരാമൻ, ആൻ സൂരജ്, നന്നിത മേനോൻ തുടങ്ങിയവരും ഗ്രഹണത്തിൽ വേഷമിടുന്നുണ്ട്. പ്രശസ്തരായ വിനീത് ശ്രീനിവാസൻ, കെ എസ് ഹരിശങ്കർ എന്നിവർ ആലപിച്ച ആനന്ദ് കുമാർ സംഗീതസംവിധാനം നിർവഹിച്ച ഗ്രഹണത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു. നാഷണൽ അവാർഡ് ജേതാവായ എം ആർ രാജകൃഷ്ണൻ ചിത്രത്തിന്റെ ഓഡിയോഗ്രാഫിയും അജ്മൽ സാബു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

ഓർക്കിഡ് ഫിലിംസ്” ആണ് ഗ്രഹണം സിംഗപ്പൂരിൽ തീയറ്ററുകളിൽ എത്തിക്കുന്നത്. സിനിമയുടെ ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുന്നു .

Show Timings: Feb 12th Fri 5:30 PM Feb 13th Sat 2:45 PM, 5:30 PM Feb 14th Sun 3:00 PM IMDA Rating : NC16

Book tickets online: www.carnivalcinemas.sg

സിംഗപ്പൂരിലെ യൂടൂബ് വ്ളോഗിംഗ് ചാനലായ Hollow Sleeper പകര്‍ത്തിയ ഗ്രഹണം മൂവി വ്ളോഗ് കാണാം .