കുറച്ചു ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന കൂടുകള്‍, കുറച്ചു വസ്ത്രം; കാട്ടിലെ ഗുഹയില്‍ ആ സാധുമനുഷ്യന്‍ അവശേഷിപ്പിച്ചത് ഇതായിരുന്നു

0

ചിതറി കിടക്കുന്ന ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന കൂടുകള്‍, കുറച്ചു വസ്ത്രം. ഒരിത്തിരി അരിയും ഒരു പാക്കെറ്റ് മല്ലിപ്പൊടിയും മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍കൂട്ടം കാട്ടിലെ ഗുഹയില്‍ കയറി മധു എന്ന പാവം മനുഷ്യനെ പിടികൂടുമ്പോള്‍ അയാള്‍ ഒന്‍പതു വര്‍ഷമായി കഴിഞ്ഞിരുന്ന കാട്ടിലെ ഗുഹയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ ആയിരുന്നു മുകളില്‍ പറഞ്ഞത്.

മനുഷ്യരെ ഭയമായിരുന്നു മധുവിന്. പണ്ടെങ്ങോ പാലക്കാടു പണിക്കു പോയിരുന്നു ആ പാവം. അന്ന് ആരോ ആക്രമിച്ചതില്‍ പിന്നെ ആളുകളെ ഭയമായി. മാനസികമായി അസ്വസ്ഥതകള്‍ അന്ന് മുതല്‍ ഉണ്ടായിരുന്നു. പിന്നെയാണ് കാട്ടിലെ ഗുഹയില്‍ താമസം തുടങ്ങിയത്. വല്ലപ്പോഴും നാട്ടിലേക്ക് വരും. ആരെയും അഭിമുഖീകരിക്കില്ല. ബാക്കി സകലനേരവും കാട്ടില്‍ തന്നെ.

ആണ്ടിയളക്കം എന്ന ഈ സ്ഥലത്ത് ഏകദേശം നാലര കിലോമീറ്റര്‍ ദൂരം നടന്നെത്താനുണ്ട് മധുവിന്റെ താമസസ്ഥലമെന്നു പറയാവുന്ന ആ ഗുഹയിലേക്ക്. കാട്ടിലെ ഈ പ്രദേശത്തേക്ക് ആണ് അനധികൃതമായി ആളുകള്‍ അതിക്രമിച്ചു കയറിയത്.

ഇവിടെ എത്തിയ മാധ്യമങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞതു സങ്കടകരമായ കാഴ്ചയായിരുന്നു. ഭക്ഷണം പാകം ചെയ്യാന്‍ വച്ചിരുന്ന പാത്രങ്ങള്‍ ചിതറിക്കിടക്കുന്നു.അരിയുടെയും മല്ലിയുടെയും കവറുണ്ട്.

ചിതറി കിടക്കുന്ന പ്ലാസ്റ്റിക്ക് കവളുകള്‍, കറിപ്പൗഡറിന്റെയും സവാളയുടെയും അവശിഷ്ടങ്ങള്‍. ഒരു ബാഗ്. ഏതാനം വസ്ത്രങ്ങള്‍…. ഈ ഗുഹയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു മധുവിനെ നാട്ടുകാര്‍ ചേര്‍ന്നു പിടിച്ചു കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഇനി ഈ ഗുഹയില്‍ അങ്ങനെ ഒരു മനുഷ്യജീവിയില്ല. ആരുടേയും അരിമണിയും ഇത്തിരി മല്ലിപൊടിയും കാക്കാന്‍ കാടിറങ്ങി ആ സാധു ഇനി വരില്ല..വിശപ്പ്‌ കെട്ടു മണ്ണിനടിയില്‍ അവന്‍ നിത്യനിദ്രയിലായല്ലോ…..