കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (72 ) അന്തരിച്ചു

0

ചലച്ചിത്രഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (മുഹമ്മദ് അബ്ദുൽ ഖാദർ- 72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിൽ ​െചാവ്വാഴ്​ച രാവിലെ 12.15 ഓടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോവിഡ്‌ ബാധിതനായി ഈ മാസം 17ന്‌ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ന്യുമോണിയയും ശ്വാസതടസവും സ്ഥിരീകരിച്ചതോടെ വെൻറിലേറ്ററിൽ ചികിൽസയിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്​ച പൂവച്ചൽ കുഴിയറ കോണം ജമാഅത്ത്​ ഖബറിസ്​ഥാനിൽ.

നാനൂറോളം ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി മലയാളികളുടെ മനം കവർന്ന പൂവച്ചൽ ഖാദറിന് അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു.

ശരറാന്തൽ തിരിതാഴും…’ (കായലും കയറും)
മൗനമേ നിറയും മൗനമേ…’ (തകര), ‘സിന്ദൂര സന്ധ്യയ്ക്ക് മൗനം…’ (ചൂള), ‘രാജീവം വിടരും നിൻ മിഴികൾ…’ (ബെൽറ്റ് മത്തായി), ‘മഴവില്ലിൻ അജ്‌ഞാതവാസം കഴിഞ്ഞു…’ (കാറ്റുവിതച്ചവൻ), ‘നാണമാവുന്നു മേനി നോവുന്നു…’ (ആട്ടക്കലാശം) തുടങ്ങി എത്രയോ മനം കുളിർക്കുന്ന ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറി.

1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം.

സ്കൂളിൽ പഠിക്കുമ്പോൾ കയ്യെഴുത്തുമാസികയിൽ കവിതയെഴുതിയാണ് സാഹിത്യ ലോകത്തേക്കുള്ള യാത്രയുടെ തുടക്കം കുറിച്ചത്.

കോളജ് കാലത്ത് “മലയാള രാജ്യത്തിലും” “കുങ്കുമത്തിലും” മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നുവന്നത്. പൂവച്ചൽ ഖാദറിന്റെ ഗാനങ്ങളിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ വച്ചു തോലോലിക്കുന്നവയാണ്.ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ മറ്റൊരു ഭാഗമാണ്.
എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ‍ഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു.

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു.
ഭാര്യ. ആമിന
മക്കൾ: തുഷാര, പ്രസൂന.