ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലും പെട്ട് 12 പേര്‍ മരിച്ചു

0

ജമ്മു: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എഡിജിപി മുകേഷ് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ത്രികുട മലയിലെ ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനയ്ക്കിടെയാണ് ദുരന്തമുണ്ടായത്. പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തര്‍ ക്ഷേത്ര ഭവനില്‍ പ്രവേശിച്ചതായി അധികൃതര്‍ പറഞ്ഞു.

ചെറിയ വാക്കുതര്‍ക്കങ്ങളെ തുടര്‍ന്ന് പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി. ഡല്‍ഹി, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജമ്മുകശ്മീരില്‍ നിന്നുള്ളവരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.