പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ പുതിയ തീരുമാനം കേരള ചരിത്രത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണോ?

0

ദൈനം ദിനം നൂറ് കണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്ന പൊതു സ്ഥാപനങ്ങളാണ് പഞ്ചായത്ത് ഓഫീസുകൾ ‘ പൊതുജനങ്ങൾ വിവിധ ആവശ്യത്തിന്നായി ഒട്ടേറെ അപേക്ഷകൾ പഞ്ചായത്ത് ഓഫീസുകളിൽ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ അപേക്ഷകളിൽ പൊതുവായി സാർ എന്നോ മാഡം എന്നോ ആണ് അഭിസംബോധന ചെയ്യാറുള്ളത് ‘ ഭാഷാപരമായി ഇതിൽ തെറ്റൊന്നും തന്നെ ഇല്ല. എന്നാൽ ഇതിൽ എവിടെയോ ഒരു കൊളോണിയൽ അവശിഷ്ടത്തിൻ്റെ അടയാളപ്പെടുത്തലുകളുണ്ട്. ഈ കൊളോണിയൽ ഭൂതത്തെ തുടച്ചു നീക്കാനുള്ള ആദ്യപടിയായാണ് മാത്തൂർ ഗ്രാമ പഞ്ചായത്ത് അപേക്ഷകളിൽ സാർ, മാഡം അഭിസംബോധനകൾ പാടില്ലെന്ന് ഭരണസമിതിയുടെ ഐകകണ്ഠേനയുള്ള തീരുമാനം എടുത്തത്.

മാത്രമല്ല ഇനി ഈ ഗ്രാമ പഞ്ചായത്തിൽ അപേക്ഷാ ഫോറം എന്നതിന് പകരം അവകാശ പത്രം എന്നാണ് ഉപയോഗിക്കുക എന്നും വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും നൽകുന്ന സേവനങ്ങൾ അധികൃതരുടെ ഔദാര്യമല്ലെന്നും പൊതു ജനങ്ങളുടെ അവകാശമാണെന്നും കൂടി ഈ തീരുമാനത്തിലൂടെ വ്യക്തമാക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്.

ജനാധിപത്യത്തിൻ്റെ സന്ദേശം സാർത്ഥകമായിത്തീരുന്നത് ഇത്തരം തീരുമാനങ്ങളിലൂടെയാണ്. മാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ തീരുമാനം കേരളത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും മാതൃകയായിത്തീരട്ടെ. ജനാധിപത്യ വ്യവസ്ഥയിൽ പൊതുജനം തന്നെയാണ് യജമാനന്മാർ.