മാതാപിതാക്കള്‍ ഉപേക്ഷിച്ച ഓട്ടിസം ബാധിച്ച കുഞ്ഞിനു തുണയായി ആദിത്യ

0

നന്മ നിറഞ്ഞ പ്രവര്‍ത്തികളെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ആദിത്യ തിവാരി എന്ന ഈ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെക്കുറിച്ച് പറയാതിരിക്കാനും കഴിയില്ല. 
 
രണ്ടായിരത്തി പതിന്നാലില്‍ അച്ഛന്‍റെ പിറന്നാള്‍ അനാഥരായ കുഞ്ഞുങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാണ് ആദിത്യ ഇന്‍ഡോറിലെ ആ അനാഥാലയത്തില്‍ എത്തുന്നത്. കൊണ്ട് വന്ന  മധുര പലഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ വിതരണം ചെയ്യുമ്പോള്‍ സ്നേഹത്തോടെ തന്‍റെ കൈ വിരലില്‍ മുറുകെ പിടിച്ചിരുന്ന, ഓമനത്തമുള്ള മുഖമുള്ള ബിന്നി എന്ന  കുഞ്ഞിനെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആദിത്യയ്ക്ക് മറക്കാനായില്ല. ഡൌണ്‍ സിണ്ട്രോം ബാധിച്ച ബിന്നി ഹൃദയത്തില്‍ സുഷിരവും ആയിട്ടായിരുന്നു ജനിച്ചത്. കുഞ്ഞിനെ നോക്കാന്‍ ഉള്ള സാമ്പത്തികം ഉണ്ടായിട്ടും മാതാപിതാക്കള്‍ സമൂഹത്തിന്‍റെ മുന്നില്‍ നാണക്കേടാണ് എന്നോര്‍ത്ത് ബിന്നിയെ അനാഥാലയത്തില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഈ അവസരത്തില്‍ കുഞ്ഞിനു വെറും സ്പോണ്‍സര്‍ മാത്രമല്ല വേണ്ടത്, അവനെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കാന്‍, സ്വന്തമെന്നു കരുതി കൂടെ നിര്‍ത്തി വളര്‍ത്താന്‍ ഒരാള്‍ ആണ് വേണ്ടതെന്നു മനസ്സിലാക്കിയ ആദിത്യ കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു.
 
അവിവാഹിതനായ ആദിത്യയെ പിന്തിരിപ്പിക്കാന്‍ പലരും ഉണ്ടായിരുന്നു. പിന്നീടു ആദിത്യയുടെ മാതാപിതാക്കളും ബിന്നിയെ സ്നേഹിച്ചു തുടങ്ങി. അവിടെ തീര്‍ന്നില്ല മുപ്പതു വയസ്സാകാത്ത സിംഗിള്‍ പാരന്റിനു കുട്ടികളെ ദത്തെടുക്കാന്‍ അന്ന് നിയമം അനുവദിച്ചിരുന്നില്ല. നാല് വര്‍ഷം കാത്തിരിക്കാന്‍ ആദിത്യ തയ്യാറായിരുന്നുമില്ല. വുമന്‍ ആന്‍ഡ്‌ ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിലേക്കും, പ്രധാന മന്ത്രിയ്ക്കും, മേനക ഗാന്ധിയ്ക്കുമൊക്കെ അനേകം എഴുത്തുകള്‍ ആദിത്യ എഴുതി. കഴിഞ്ഞ ആഗസ്റ്റില്‍ ദത്തെടുക്കാനുള്ള വയസ്സ് ഇരുപത്തിയഞ്ചായി നിയമം ഭേദഗതി ചെയ്തു. അങ്ങിനെ മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ ആദിത്യയ്ക്ക് ലഭിക്കുകയും ചെയ്തു.
 
ജന്മം കൊടുത്ത മാതാപിതാക്കളേക്കാള്‍ സ്നേഹവുമായി ആദിത്യയും, ആദിത്യ അവി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവ്നിഷും ഇപ്പോള്‍ സന്തോഷത്തോടെ കഴിയുകയാണ്. ജോലി സമയം ഓഫീസ് കെട്ടിടത്തിലെ തന്നെ ഡേ കെയറില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചും, കുഞ്ഞിനു ആവശ്യമായ ചികിത്സ നല്‍കിയും, ആദിത്യ പൊന്നു പോലെ നോക്കുകയാണ് അവിയെ. കഴിഞ്ഞ മദേര്‍സ് ഡേയ്ക്ക് അനേകം ആശംസകളാണ് ഈ വളര്‍ത്തച്ഛനു ലഭിച്ചത്, ജന്മം കൊടുത്ത അമ്മയേക്കാള്‍ സ്നേഹത്തോടെ പരിചരിയ്ക്കുന്ന അവിയുടെ സ്വന്തം ആദിത്യയ്ക്ക്.