മൈക്കിൾ ഗാംബൻ അന്തരിച്ചു

0

ലണ്ടൻ ∙ ഹാരിപോട്ടർ സിനിമാപരമ്പരയിൽ പ്രഫ. ഡംബിൾഡോർ എന്ന കഥാപാത്രമായി വേഷമിട്ടു പ്രശസ്തി നേടിയ ബ്രിട്ടിഷ് നടൻ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. അഞ്ചുദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒട്ടേറെ നാടകങ്ങളിലും ടിവിപരമ്പരകളിലും സിനിമകളിലും വേഷമിട്ടു. 4 ബാഫ്ത പുരസ്കാരം നേടി. 8 ഹാരിപോട്ടർ സിനിമകളിൽ ആറെണ്ണത്തിലും അഭിനയിച്ചു. ഗോസ്ഫഡ് പാർക്ക്, ദ് കിങ്സ് സ്പീച്ച് എന്നിവയാണു മറ്റു പ്രധാന സിനിമകൾ.

ഡബ്ലിനിൽ ജനിച്ച ഗാംബൻ ലണ്ടനിലാണു വളർന്നത്. 1970 കളിൽ ലണ്ടൻ നാഷനൽ തിയറ്ററിലൂടെ നാടകരംഗത്തു സജീവമായി. 1980ൽ ബ്രെഹ്ത്തിന്റെ ‘ലൈഫ് ഓഫ് ഗലീലിയോ’യിലൂടെ ശ്രദ്ധേയനായി. ടിവിപരമ്പരകളിൽ എഡ്വേഡ് ഏഴാമൻ, ഓസ്കർ വൈൽഡ്, വിൻസ്റ്റൺ ചർച്ചിൽ എന്നിവരായും വേഷമിട്ടു. 1986ലെ ബിബിസി പരമ്പര ‘സിങ്ങിങ് ഡിറ്റക്ടീവ്’ ആണ് ഏറ്റവും പ്രശസ്തം. ബ്രിട്ടിഷ് നാടകലോകത്ത് ‘ദ് ഗ്രേറ്റ് ഗാംബൻ’ എന്നറിയപ്പെട്ടു.