ആക്ഷനും സസ്‌പെന്‍സും ആവോളം; വില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി

0

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും പ്രണയവും എല്ലാം ചേര്‍ന്നുള്ള ഗംഭീര ട്രെയിലറാണ് ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രമാണ് വില്ലന്‍. വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെര്‍ഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക.സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഗുഡ് ഈസ് ബാഡ്’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലാണ് അവസാനം ഇവര്‍ ഒരുമിച്ചത്.

തമിഴ് നടന്‍ വിശാല്‍ , ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ സിനിമയുടെയും സംഘട്ടനം. ചിത്രം നിര്‍മിക്കുന്നത് ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങള്‍ നിര്‍മിച്ച റോക്ലൈന്‍ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുല്‍ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരംപ്രവീണ്‍ വര്‍മ. മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.