ഒറ്റപെട്ട ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍

1

ഒറ്റയ്ക്കൊരു ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍. കഥകളിലും സിനിമയിലും ഇതുപോലുള്ള ജീവിതങ്ങള്‍ കണ്ടിട്ടുണ്ടാകാം പക്ഷെ ഇത് പച്ചജീവിതമാണ്. ഈ കഥയിലെ നായകന്‍ മൗറോ മൊറാന്‍ഡി എന്ന  79കാരനാണ്. ഇറ്റലിയിലെ മഡാലെന ദ്വീപ് സമൂഹത്തിലെ ബുഡേലി ദ്വീപില്‍ കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷങ്ങളായി ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിക്കുന്നത്. അതായത് 1989 മുതല്‍.

മൊറാന്‍ഡിയുടെ ചെറുകപ്പലിന്റെ എന്‍ജിന്‍ തകരാറിലായപ്പോള്‍ കോര്‍സികയുടെയും സാര്‍ഡിനിയയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബുഡേലി ദ്വീപിലേക്ക് ഇദ്ദേഹം എത്തപ്പെട്ടത്. പിന്നീട് ഇറ്റലിയിലേക്ക് മൊറാന്‍ഡി തിരികെ പോയില്ല. ആധുനിക സമൂഹത്തില്‍ നിന്നും മൊറാന്‍ഡി മോചിതനായി ദ്വീപില്‍ ഒരു ചെറുകുടിലില്‍ അദ്ദേഹം താമസം ആരംഭിച്ചു.

ഇവിടെ എത്തിയ ശേഷം  അധികാരവും, സമ്പത്തും മോഹിക്കുന്നതും മനുഷ്യനെ മനസിലാക്കാത്തതുമായ ഒരു സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്ന് മൊറാന്‍ഡി പറയുന്നു. ബുഡേലി ദ്വീപിന്റെ മേല്‍നോട്ടക്കാരനാണ് മൊറാന്‍ഡി. പഴയ മേല്‍നോട്ടക്കാരന്റെ കുടിലിലാണ് ഇദ്ദേഹം താമസിക്കുന്നത്. തുടക്കത്തില്‍ സന്ദര്‍ശകരൊന്നും ഇല്ലായിരുന്നുവെന്നും, പിന്നീട് ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടെന്നും മൊറാന്‍ഡി പറഞ്ഞു. പ്രകൃതിയോടുള്ള ബഹുമാനം കൊണ്ടാണ് താനിവിടെ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി എന്നെങ്കിലും ഇറ്റലിയിലേക്ക് പോകുന്ന കാര്യത്തെ കുറിച്ചു ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.എന്നാല്‍ വര്‍ഷത്തില്‍ കുറച്ച് ദിവസം രണ്ട് പെണ്‍മക്കളെ കാണാന്‍ മൊഡേനയിലേക്ക് മൊറാന്‍ഡി പോകാറുണ്ട്.