എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ്

0

ചെന്നൈ: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽ ഉപരിപഠനം നടത്താൻ തീരുമാനിക്കുകയും കോയമ്പത്തൂർ കാർഷിക കോളേജിൽ (ഇപ്പോൾ തമിഴ്നാട് കാർഷിക സർവ്വകലാശാല) പഠനത്തിനു ചേരുകയും ചെയ്തു.

1947-ൽ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്‌സിൽ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതർലൻഡ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം അംഗമായിരുന്നു. പിന്നീട് 1950-ൽ അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർന്നു. 1952-ൽ പി.എച്ച്.ഡി. ബിരുദം നേടി. വിസ്കോൺസിൻ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ചു.

1954-ന്റെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് ഒരു മുൻ പ്രൊഫസർ മുഖേന കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലികമായി അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ജോലി ചെയ്യാൻ അവസരം ലഭിച്ചത്. 1954 ഒക്ടോബറിൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു.

1988ൽ ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു. 2004-06 കാലത്ത് ദേശീയ കർഷക കമ്മീഷൻ അധ്യക്ഷൻ ആയി പ്രവർത്തിച്ചു. 2007-13 കാലത്ത് രാജ്യസഭാംഗമായിരുന്നു. 2010-13 കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായുള്ള ആഗോള സമിതിയിൽ ഉന്നതാധികാര വിദഗ്ധ സമിതി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.

1967ൽ പത്മശ്രീയും 1972ൽ പത്മഭൂഷനും 1989ൽ പത്മവിഭൂഷനും നൽകി കേന്ദ്ര സർക്കാർ ആദരിച്ചു. 1971ൽ സാമൂഹിക സേവനത്തിന് രമൺ മാഗ്സസെ അവാർഡ്, 1986ൽ ആൽബർട്ട് ഐൻസ്റ്റൈൻ അവാർഡ്, 1987ൽ ആദ്യ ലോക ഫുഡ് പ്രൈസ്, 2000ത്തിൽ സമാധാനത്തിന് ഇന്ദിര ഗാന്ധി അവാർഡ്, പരിസ്ഥിതി സംരക്ഷണത്തിന് യുഎൻഇപി അവാർഡ്, യുനെസ്കോയുടെ മഹാത്മാ ഗാന്ധി അവാർഡ് എന്നീ അം​ഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.