സൂര്യനെ അറിയാന്‍ നാസയുടെ പര്യവേക്ഷണ വാഹനം കുതിപ്പാരംഭിച്ചു

0

ചരിത്രം സൃഷ്‌ടിച്ച്‌ സുര്യനിലേക്കു നാസയുടെ പര്യവേക്ഷണ വാഹനം. കേപ്കാനവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്നാണ് പാര്‍ക്കറിനെ വഹിച്ച് ഡെല്‍റ്റ ഫോര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ശനിയാഴ്ച സാങ്കേതിക തകരാറിനാല്‍ അവസാന മിനിറ്റില്‍ മാറ്റിയ വിക്ഷേപണമാണ് ഇന്ന് വിജയകരമായി നടന്നത്. അപകടകരമായ സൗരവാതത്തിന്റെ ദുരൂഹത ചുരുളഴിച്ചു ഭൗമസുരക്ഷ ഉറപ്പാക്കുകയാണു സൗര്യദൗത്യത്തിലൂടെ നാസ ലക്ഷ്യം വയ്ക്കുന്നത്.

സൗരോപരിതലത്തെക്കാള്‍ മുന്നൂറ്‌ മടങ്ങ്‌ ഊഷ്‌മാവും അതിശക്‌തമായ പ്ലാസ്‌മയുമാണു കൊറോണയില്‍. ഇതില്‍നിന്നു പുറപ്പെടുന്ന സൗരവാതത്തിനു ക്ഷണനേരത്തില്‍ ഭൂമിയടക്കമുള്ള ഗ്രഹങ്ങളെ തുടച്ചു നീക്കാനുള്ള കരുത്തുണ്ട്‌. സൗരവാതത്തെ മുന്‍കൂട്ടി പ്രവചിക്കാന്‍ പാര്‍ക്കറുടെ വിക്ഷേപണത്തിലൂടെ സാധിക്കുമെന്നു നാസ വ്യക്‌തമാക്കി.

നാലര ഇഞ്ച്‌ കനമുള്ള അതിശക്‌തമായ താപപ്രതിരോധ കവചത്തിനുള്ളിലാണു പാര്‍ക്കര്‍.  സൂര്യനില്‍നിന്നു ഭൂമിയിലെത്തുന്ന വികരണത്തിന്റെ അഞ്ഞൂറ്‌ ഇരട്ടി വികിരണത്തെവരെ അതിജീവിക്കാന്‍ പാകത്തിലുള്ളതാണ്‌ ഈ രക്ഷാകവചമെന്നതും ശ്രദ്ധേയം. അതുകൊണ്ടുതന്നെ താപനില ദശലക്ഷത്തിലേറെ ഡിഗ്രി ഫാരന്‍ഹീറ്റ്‌ ആയിരുന്നാലും 2500 ഡിഗ്രി ഫാരന്‍ഹീറ്റു ചൂടു മാത്രമേ ഫലത്തില്‍ പാര്‍ക്കര്‍ നേരിടേണ്ടിവരൂ. ഏഴുവര്‍ഷം നീളുന്ന ദൗത്യത്തിനാണു പാര്‍ക്കര്‍ തിരിക്കുന്നത്‌. കൊറോണയിലൂടെ 24 വട്ടം ഇതിനകം പാര്‍ക്കര്‍ ചുറ്റിത്തിരിയും.