ബഹിഷ്കരണ വിവാദം കത്തുന്നതിനിടെ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം

0

65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം ഡൽഹിയിൽ പൂർത്തിയായി. രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കാത്തതിൽ പ്രതിഷേധിച്ച് മലയാളികൾ ഉൾപ്പെടെ 68 പുരസ്കാര ജേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു. മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം നേടിയ കെ.ജെ.യേശുദാസ്, മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ജയരാജ് എന്നിവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത മലയാളികൾ. മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിൽ, പ്രത്യേക ജൂറി പരാമർശം നേടിയ നടി പാർവതി തുടങ്ങിയവർ ചടങ്ങു ബഹിഷ്കരിച്ചവരിൽ ഉൾപ്പെടുന്നു.

ചടങ്ങ് ബഹിഷ്കരിച്ചവർ ചേർന്ന് ഒപ്പിട്ട പ്രത്യേക കത്ത് കേന്ദ്ര സർക്കാരിനു കൈമാറും. പ്രതിഷേധക്കാർ തയാറാക്കിയ കത്തിൽ ഒപ്പിട്ട ശേഷമാണ് യേശുദാസും ജയരാജും ചടങ്ങിനെത്തിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജ്യവർധൻ സിങ് റാത്തോഡ് എന്നിവരാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. അതിനിടെ, രാഷ്ട്രപതി മുഴുവൻ പുരസ്കാരങ്ങളും നൽകുന്ന പതിവ് നിർത്തലാക്കിയതിനെതിരെ കോൺഗ്രസ്സും രംഗത്തെത്തി.

അതേസമയം, പുരസ്കാരം ബഹിഷകരിച്ചിട്ടില്ലെന്നും പുരസ്കാര സമർപ്പണ ചടങ്ങ് മാത്രമാണ് ബഹിഷ്കരിച്ചതെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പുരസ്കാര സമർപ്പണ ചടങ്ങിനോട് അനുബന്ധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംഘടിപ്പിക്കുന്ന വിരുന്നും ബഹിഷ്കരിക്കുമെന്ന് ഇവർ വ്യക്തമാക്കി. ഈ പ്രതിഷേധം രാഷ്ട്രപതിക്കോ സർക്കാരിനോ എതിരെയല്ല. വർഷങ്ങളായി തുടരുന്ന പാരമ്പര്യമാണ് ഇന്ന് തകർക്കപ്പെട്ടിരിക്കുന്നത്. ഭാവി തലമുറയെക്കൂടി കരുതിയാണ് പ്രതിഷേധമെന്ന് ചടങ്ങ് ബഹിഷ്കരിച്ചവർ അറിയിച്ചു.

മുഴുവൻ പുരസ്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നവരാണ് ചടങ്ങ് ബഹിഷ്കരിച്ച 68 പേർ. രാഷ്ട്രപതിയും വാർത്താവിതരണ പ്രക്ഷേപണമന്ത്രിയും ചേർന്നു പുരസ്കാര സമർപ്പണം നടത്തുമെന്നായിരുന്നു സർക്കാർ അറിയിപ്പ്. പ്രതിഷേധം തണുപ്പിക്കാൻ ജൂറി അധ്യക്ഷൻ ശേഖർ കപൂറിന്റെ നേതൃത്വത്തിൽ അനുരഞ്ജന നീക്കങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. സ്മൃതി ഇറാനി നേരിട്ടെത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും അതും വിഫലമായി.

അതേസമയം, പുരസ്കാര സമർപ്പണവുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള വിവാദങ്ങളിൽ രാഷ്ട്രപതി ഭവൻ അദ്ഭുതം രേഖപ്പെടുത്തി. ഇപ്പോഴത്തെ രാഷ്ട്രപതി സ്ഥാനമേറ്റശേഷം പുരസ്കാര സമർപ്പണചടങ്ങളുകളിൽ ഒരു മണിക്കൂറിലധികം പങ്കെടുക്കാറില്ല. ഇക്കാര്യം വാർത്താവിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണ്. 11–ാം മണിക്കൂറിൽ ഇതുമായി ബന്ധപ്പെട്ട് വിവാദം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.