നയൻതാര എവിടെ?

0

സാമൂഹിക വിഷയങ്ങളില്‍ ഇഷ്ടതാരങ്ങളുടെ പ്രതികരണത്തിന് എന്നും തമിഴകം കാതോര്‍ത്തിട്ടുണ്ട്. അത്തരം വിഷയങ്ങളില്‍ അവര്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കാറുമുണ്ട്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനും തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് ഫാക്ടറി അടച്ചുപൂട്ടുന്നതിനും ഉള്ള പ്രതിഷേധം തമിഴ്‌നാട്ടില്‍ കനക്കുമ്പോള്‍ നടിമാരാണ് യഥാര്‍ത്ഥത്തില്‍ നിശ്ശബ്ദരായിരിക്കുന്നത്. തമിഴ് സിനിമാ താരങ്ങള്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നയന്‍താര അടക്കമുള്ള പ്രമുഖ നടിമാരെ കാണാത്തത്തില്‍ നിരാശരാണ് ആരാധകര്‍. ഈയിടെ പുറത്തിറങ്ങിയ ‘അറം’ എന്ന ചിത്രത്തില്‍ വെള്ളം അടക്കമുള്ള പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന കളക്ടറായി നയന്‍താര അഭിനയിച്ചിരുന്നു. ആ അഭിനയം ചിത്രത്തിനും ഗുണം ചെയ്തു. പൊതുവില്‍ സിനിമാ പ്രൊമോഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കാറുള്ള നയന്‍താര ആ ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ ആരാധകരെ തിയേറ്ററുകളില്‍ ചെന്നാണ് കണ്ടത്. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തിലധികമായി കോളിവുഡിലെ നിത്യ സാന്നിധ്യമാണ് നയന്‍താര. 2011-ല്‍ വിവാഹം പ്രഖ്യാപിച്ച് രംഗം വിടുകയാണെന്ന് അറിയിച്ച നയന്‍താരയുടെ വിവാഹം മുടങ്ങി, ഒരു തിരിച്ചുവരവിനായി മുതിര്‍ന്നപ്പോള്‍ ‘രാജാ റാണി’യിലൂടെ അതിന് ഗംഭീരമായിത്തന്നെ വഴിയൊരുക്കിക്കൊടുത്തത് കോളിവുഡ് ആയിരുന്നു. ഏതാണ്ട് ഒരു സൂപ്പര്‍ സ്റ്റാര്‍ പദവിയിലാണ് നയന്‍താര ഇപ്പോള്‍. താരത്തിന്റേതു മാത്രമായ സിനിമകള്‍ക്ക് കോളിവുഡില്‍ വിപണിയും ഉണ്ട്. അതിനാലാകാം തമിഴ് വികാരം ഉണര്‍ന്നപ്പോള്‍ തങ്ങള്‍ കൈപിടിച്ചുയര്‍ത്തിയ താരത്തെ കാണാത്തതില്‍ അവര്‍ നിരാശരാകുന്നത്.