പുസ്തകങ്ങള്‍ കൊണ്ടൊരു കൊട്ടാരം തീർത്ത് ലാല്‍ ബഹദൂര്‍ വായനശാല

0

വായനയുടെ ലോകം അത് നമ്മെ എന്നും അത്ഭുതപെടുത്തിയിട്ടേ ഉള്ളു… അച്ചുകൂടത്തിനു തീറ്റ കൊടുത്ത് അക്ഷരങ്ങളെ പ്രസാദിപ്പിക്കുന്ന ആ ലോകം മറ്റുള്ളതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. ഓരോ പുസ്തകങ്ങളും അതിലെ കഥയും കഥാപാത്രങ്ങളും വായനയുടെ ലോകത്തെത്തുമ്പോ നമുക്കൊപ്പം സഞ്ചരിക്കുന്നവരാണ്. അക്ഷരങ്ങളുടെ ലോകത്തേക്ക് നമ്മളെ കൈപിടിച്ചുയർത്താൻ വായന ശാലകൾ വഹിക്കുന്ന പങ്കും വിലപ്പെട്ടതാണ്. വായനയുടെ രൂപവും രീതിയും മാറിയെങ്കിലും,പുസ്തങ്ങളുടെ പഴയ മണമുള്ള വായനശാലകൾ ഇന്നും ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. അത്തരത്തിലൊരിടമാണ് കാരയിൽ ലാൽ ബഹാദൂർ വായനശാല.

ഒരു പിന്നോക്ക ഗ്രാമത്തിന്‍റെ ബൗദ്ധീകവും സാംസ്കാരികവുമായ വളർച്ചയ്ക്കു വേണ്ടി പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന കെ. പി കുഞ്ഞിരാമപ്പൊതുവാളുടെ മനസ്സിൽ രൂപമെടുത്ത ആശയമായിരുന്നു വായനശാല സ്ഥാപിക്കുന്നതിലൂടെ പ്രാവർത്തികമായത്. അദ്ദേഹം നെയ്തെടുത്ത സ്വപ്നങ്ങളും, ലക്ഷ്യങ്ങും ഒളിമങ്ങാതെ വായനശാല പ്രവർത്തകർ കാത്തുസൂക്ഷിച്ച് പോരുന്നു എന്നതിന്‍റെ തെളിവാണ് പുസ്തകങ്ങളിൽ നെയ്തെടുത്ത വായനശാലയുടെ പുതിയമുഖം. പുസ്തകങ്ങൾ കൊണ്ട് കൊട്ടാരം തീർത്ത ലാൽ ബഹദൂർ വായനശാല സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഓടിട്ട പഴയ ഒറ്റ നില കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റായെന്നത് മാത്രമല്ല വായനശാലയുടെ മാറ്റം. ഇത് അടിമുടി പുസ്തകങ്ങളുടെ ഒരു കൊട്ടാരമാണെന്നേ തോന്നൂ. വായനാശീലം ഇല്ലാത്ത ഒരാൾപോലും ഇങ്ങോട്ട് നോക്കിപ്പോകും അറിയാതെ പുസ്തകങ്ങൾ വായിച്ച് പോകും. ലോകപ്രശസ്തമായ മഹോന്നത ഗ്രന്ഥങ്ങളെല്ലാം ഒതുക്കി അടുക്കി വെച്ചിരിക്കുന്നതാണെന്നേ വായനശാലയുടെ പുതിയ കെട്ടിടം കണ്ടാൽ ഒറ്റകാഴ്ച്ചയിൽ ആർക്കും തോന്നുള്ളൂ.


10 വർഷം മുമ്പ് പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിനെ തുടർന്ന് വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന വായനശാല മാറ്റിപ്പണിയാൻ 3 വർഷം മുമ്പ് 5 സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും കെട്ടിടനിർമ്മാണ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ കുറെ പുസ്തകങ്ങൾ ശേഖരിച്ച് ഷെൽഫിലടച്ച വെറുമൊരു കെട്ടിടമല്ലായിരുന്നു അതിന്‍റെ അമരക്കാരുടെ സ്വപ്നം. മറ്റു വായനശാലകളിൽ നിന്നും തങ്ങളുടെ വായനശാലയെ വ്യത്യസ്തമാക്കാൻ അവർ ഊണും ഉറക്കവുമില്ലാതെ ചിന്തിച്ചു. അതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചു. ഒടുവിൽ ഇവരുടെ ആഗ്രഹങ്ങൾ പ്രശസ്ത ശില്പി ശ്രീ. കെ. കെ. ആർ. വെങ്ങരയുമായി പങ്കുവെച്ചപ്പോൾ അദ്ദേഹത്തിന്‍റെ ഭാവനയിൽ ഉരുത്തിരിഞ്ഞ മറുപടിയായിരുന്നു പുസ്തകരൂപത്തിലുള്ള ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞ വായനശാലാ കെട്ടിടം. അദ്ദേഹത്തിന്‍റെ ആശയം പ്രാവർത്തികമാക്കിയത് വായനശാലാ പ്രവർത്തകൻ കൂടിയായ സി. വി ശ്രീധരനാണ്. വേൾഡ് ക്ലാസിക്കുകൾ ഉൾപ്പെടെ 400 ലധികം പുസ്തകങ്ങളുടെ പുറം ചട്ടകൾ തനതു വർണത്തിലും അക്ഷര വടിവിലും കെട്ടിടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.


1967 സെപ്തംബർ 30 ന് കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനാണ് ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 1990 ലാണ് വായനശാലക്ക് ഗ്രന്ഥശാലാ സംഘത്തിന്‍റെ അംഗത്വം ലഭിക്കുന്നത്. 1996ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അംഗത്വം ലഭിക്കുകയും 1996 മുതൽ പുസ്തക ഗ്രാന്റ് ലഭിക്കുകയും ചെയ്തു. അരനൂറ്റാണ്ടിന്‍റെ മഹത്വമുള്ള വായനശാലയുടെ പുതിയമുഖം ഫെബ്രുവരി 3 ന്ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പ്രശസ്ത സാഹിത്യകാരൻ ശ്രീ. എൻ. പ്രഭാകരൻ നാടിന്സമർപ്പിക്കും. വായിച്ചാല്‍ വിളയും, ഇല്ലെങ്കില്‍ വളയും എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് വരും തലമുറകൾ വളയാതിരിക്കാൻ ഇനിയും ഇത്തരം വായനശാലകൾ പുനർജനിക്കട്ടെ.