കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

0

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ന്യൂസീലൻഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് നിലവിൽ ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. സി.1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് ഇത്. നിലവിൽ കണ്ടെത്തിയിട്ടുള്ള വാക്സിൻ്റെ ഫലപ്രാപ്തി കുറയ്ക്കുന്ന വകഭേദമാണിത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ വകഭേദം ബാധിച്ച ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ 380 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 29,836 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 75 പേർ മരിച്ചു.

ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,38,210 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34,763 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,19,23,405 ആയി. 3,76,324 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്.

ഡൽഹിയിൽ മാത്രമാണ് പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം പൂജ്യം എത്തിനിൽക്കുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.04ശതമാനമാണ്. ഇന്നലെ റിപ്പോർട്ട് ചെയ്തത് 31 കൊവിഡ് കേസുകൾ മാത്രമാണ്. അതേസമയം കേരളത്തിൽ പരിശോധനകൾ കാര്യക്ഷമമായി നടക്കുന്നതുകൊണ്ടാണ് രോഗവ്യാപനം കണ്ടെത്താൻ കഴിയുന്നതെന്നാണ് ആരോഗ്യവകുപ്പിന്റ വാദം. ഐസിഎംആർ നടത്തിയ ഏറ്റവും ഒടുവിലത്തെ പഠനം പ്രകാരം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുണ്ടായ മരണനിരക്ക് താരതമ്യം ചെയ്താൽ ഏറ്റവും കുറവാണ് കേരളത്തിലേതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. .05ശതമാനമാണിത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ മൂന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയോളമാണ് സംസ്ഥാനത്തെ ജനസാന്ദ്രത. അതിനാൽ രോഗവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങളടക്കം രോഗബാധ കൂടുന്നതിന് ഘടകമാകുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.