നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയില്‍ വഴിത്തിരിവ്! മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ആത്മഹത്യാക്കുറിപ്പ്; ഭര്‍ത്താവ് ചന്ദ്രന്‍ കസ്റ്റഡിയില്‍

0

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്. ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളും എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൃഷ്ണമ്മ, ശാന്ത, കാശി എന്നിവരാണ് മരണത്തിന് കാരണമെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചു. വസ്തു വില്‍ക്കാന്‍ പോയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ ഒന്നും ചെയ്തില്ല. മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നാല് പേരാണ് മരണത്തിന് കാരണക്കാര്‍ എന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്.

വസ്തു തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തിലെ സൂചന. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി കത്തില്‍ പറയുന്നു. തന്നെയും മകളെയും കൊല്ലുമെന്ന് കൃഷ്ണമ്മ ഭീഷണിപ്പെടുത്തിയതായും കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

മന്ത്രവാദം അടക്കമുള്ള കാര്യങ്ങള്‍ നടത്തിയതായും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു. കടം തീര്‍ക്കാര്‍ ഭര്‍ത്താവ് താല്‍പമെടുക്കുന്നില്ലെന്നും കടബാധ്യതകളുടെ പേരില്‍ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും ലേഖയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘം വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പും ചുവരിലെഴുതിയ വാചകങ്ങളും കണ്ടെത്തിയത്. സംഭവത്തിനു ശേഷം പോലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റു പരിശോധനകള്‍ നടത്താതിരുന്നതും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനാകാതിരുന്നതുമെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി വീട്ടില്‍വ വെച്ചും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിന്‍കരയിലും മാരായിമുട്ടത്തും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.