ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; യുവാവിന് ജീവപര്യന്തം തടവ്

0

ലണ്ടന്‍: ക്രിസ്മസ് ദിനത്തില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ലോറന്‍സ് ബ്രാന്‍ഡ് എ്ന്ന യുവാവിനാണ് റീഡിംഗ് ക്രൗസ് കോടതി ശിക്ഷ വിധിച്ചത്. 2018ലെ ക്രിസ്മസ് ദിനത്തില്‍ ഭാര്യ എയ്ഞ്ചല മിത്തലിനെ(42) ലോറന്‍സ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ക്രിസ്മസ് രാത്രിയില്‍ ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് അവരെ തുരുതുരാ കുത്തി കൊലപ്പെടുത്തുകയായിരുന്നു ഇയാൾ.കൊലപാതകവിവരം ഇയാൾ തന്നെയാണ് പോലീസിനെ അറിയിച്ചത്.

എയ്ഞ്ചലയുടെ കഴുത്തിലും നെഞ്ചിലുമായി 59 തവണയാണ് ലോറന്‍സ് കുത്തിയത്. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞ് പോയി. പിന്നീട് മറ്റൊരു കത്തിയെടുത്ത് നിരവധി തവണ ലോറന്‍സ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

വര്‍ഷങ്ങളായി ലോറന്‍സ് ശാരീരികമായും മാനസികമായും എയ്‌ഞ്ചലയെ പീഡിപ്പിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതില്‍ സഹികെട്ടാണ് എയ്ഞ്ചല വിവാഹമോചനം ആവശ്യപ്പെട്ടത്.

2006ല്‍ ആണ് എയ്ഞ്ചല ലോറന്‍സ് ബ്രാന്‍ഡിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഒരു കുഞ്ഞിന്‍റെ അമ്മകൂടിയാണ് എയ്ഞ്ചല.