നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

0

തിരുവല്ല: ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബയുടെ മരണം. നഷ്‌വ ഏക മകളാണ്.

പാചകരംഗത്താണ് നൗഷാദ് ശ്രദ്ധനേടുന്നത്. തിരുവല്ലയില്‍ കേറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവില്‍ നിന്നാണ് പാചകത്തോടുള്ള താല്‍പര്യം പകര്‍ന്നു കിട്ടിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ചു. തുടര്‍ന്ന് ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്ററന്റ് ശൃംഘല തുടങ്ങി. ഒട്ടനവധി പാചക പരിപാടികളില്‍ അവതാരകനായെത്തുകയും ചെയ്തു.

സിനിമയോട് വലിയ താല്‍പര്യമുണ്ടായിരുന്ന നൗഷാദിനെ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.