ഭൂമിയിലെ മാലാഖ; നിപ്പ വൈറസ്‌ രോഗിയെ പരിപാലിച്ച നേഴ്സിന്റെ മരണം നൊമ്പരമാകുന്നു

0

നേഴ്സുമാര്‍ അവരുടെ വേതനം വര്‍ധിപ്പിക്കാന്‍ നാടൊട്ടുക്ക് സമരം ചെയ്യുമ്പോള്‍ നമ്മളില്‍ പലരും ഒരിക്കല്‍ പോലും അവരുടെ ജോലിയുടെ മഹത്തം തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. ഭൂമിയിലെ മാലാഖമ്മാര്‍ എന്ന് വിളിക്കുമ്പോഴും അവരുടെ ജീവിതം എങ്ങും സ്വര്‍ഗ്ഗതുല്യം അല്ല എന്നതാണ് സത്യം.

ഇന്നലെ കോഴിക്കോട്ടെ വൈദ്യുത ശ്മശാനത്തില്‍ നേഴ്സ് ലിനി  യുടെ ശരീരം അഗ്നി ഏറ്റുവാങ്ങുമ്പോള്‍ അങ്ങകലെ ഒരു സംഘം നേഴ്സുമാര്‍ സുപ്രീം കോടതിയില്‍ ശമ്പളത്തിനായുള്ള പോരാട്ടം നടത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച നേഴ്‌സ് ലിനിയുടെ ആത്മത്യാഗപരമായ മരണം ഒരു നൊമ്പരമായി മാറുകയാണ്. നിപ്പ വൈറസ്‌ ബാധിച്ച രോഗിയെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് പനി കലശലായ ലിനിയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മുതല്‍ രോഗം മൂര്‍ച്ഛിക്കുകയും ഇന്നു രാവിലെ മരിക്കുകയുമായിരുന്നു. രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയാണ് ലിനി.  ചെയ്യുന്ന ജോലിയിലെ ആത്മാർഥത ഭൂമിയിലെ മാലാഖയെ ഇന്ന് ദൈവത്തിന്റെ സ്വന്തം മാലാഖയായ്‌ മാറ്റിയിരിക്കുന്നു .

ലിനിയുടെ മൃതദേഹം പോലും വീട്ടിലേക്കു കൊണ്ട് വന്നിരുന്നില്ല. അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതശരീരം കണ്ടത്. കഴിഞ്ഞ ദിവസം മരിച്ച സാബിത്തിനെ പേരാമ്പ്ര ആശുപത്രിയില്‍ വച്ച ശുശ്രൂശിച്ചിരുന്നത് ലിനിയായിരുന്നു. പേരാമ്പ്ര ചെമ്പനോട് സ്വദേശിനിയായ ലിനിയുടെ അമ്മയിലും രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ലിനിയുടെ ഭര്‍ത്താവ് വിദേശത്താണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.