ഒരു ലോക്ക് ഡൗൺ ദിവസം, മനോജ് എ ബി എസ് എഴുതുന്നു.

0

ഇരുപത്തി നാലു  ദിവസം ! അതെ ഇന്നേക്ക് സിങ്കപ്പൂർ  ലോക്ക്  ഡൗൺ തുടങ്ങിയിട്ട് അത്രയായി. രാജീവിൻറ്റെ  ദിനചര്യക്ക് വളരെ നല്ല മാറ്റങ്ങൾ വന്നു വെളുപ്പിന് 5 നു എണീക്കാൻ പഠിച്ചു ഒരു നാലുകിലോമീറ്റർ ഓടി തിരികെ വന്നു സ്വയം പാചകം ചെയ്യും . ഓഫീസിൽ ഉള്ള ചവറു ഇട നേരം തീറ്റ തീർത്തും അറ്റ് പോയി. കൂടാതെ അവിടെ ആകുമ്പോൾ രവിയുടെ  കൂടെ പിന്നെ അജിത്തിന്‍റെ  കൂടെ അതിനു ശേഷം മറ്റു സുഗ്രീവന്മാരൊത്തു ഒരു 6 സിഗരറ്റു വലിച്ചു കൂമ്പുവാട്ടും, അതു പോലെ കുറുകിയ 4 കാപ്പിയും പലതരം ബ്രെഡും ഇപ്പോൾ ബൈ ബൈ. നല്ല മനിതൻ ദേഹവും ദേഹിയും ക്ലീൻ !

ഇതായിരുന്നു അദ്ദേഹം കണ്ട  ലോക്കഡോൺ തലേ ദിവസ സ്വപ്നം  എന്നാലോ യഥാർത്ഥ ജീവിതം  ഇതാ………….

രാവിലെ ഒരു 7 നു എണീക്കും  വലുത് കൈകൊണ്ടു കണ്ണട തപ്പി ഫിറ്റ് ചെയ്തു ആദ്യം ഓടുന്നു കൈ ഫോണിലോട്ട്  അതിരാവിലെ  തന്നെ  കൂകൽ തുടങ്ങിയിട്ടുണ്ടാവും ഓഫീസിൽ- സോറി അയ യഥാർത്ഥ ഓഫീസിൽ ! ഇപ്പൊ എല്ലാ പഹയന്മാരും പണി വീട്ടിലാണല്ലോ ഏത് ! രാജിവന്‍റെ ഒരു ദിവസം ചുരുക്കി പറഞ്ഞാൽ പൂച്ചയുടെ ചിത്രമുള്ള എവർ റെഡി ബാറ്ററി ചെണ്ടകൊട്ടുന്ന കുരങ്ങനിൽ ഇട്ടമാതിരിയാണ്  ഒരു ഒന്നൊന്നര പൊരിഞ്ഞ മേളം ! എണീക്കുന്നു,  ചന്ദനത്തിരി ചുണ്ടിൽ കൊളുത്തുന്നു, നേരെ ബാത്രൂം ! കുളി തേവാരം കഴിഞ്ഞു നേരെ പ്രാതൽ ഉണ്ടാക്കാൻ അടുക്കള. തലേ ദിവസത്തെ കഴുകാതെ കിടക്കുന്ന പാത്ര സഹോദരിമാരെ  നോക്കി നെടുവീർപ്പിടുന്നു . ലളിതമായ തീരുമാനം സ്പോട്ടിൽ എടുക്കും താപവോ(പാർസൽ ). രണ്ടു പാക്കറ്റ് നൂഡിൽസും  കൊഴുത്ത കാപ്പിയുമായി തിരിച്ചു വീട്ടിൽ.

മനസ്സിനെ  പാകപ്പെടുത്താൻ വേണ്ടി  ഓഫീസിൽ പോകുമ്പോൾ ഉള്ള വേഷം ധരിച്ചു അടുത്ത മുറിയിൽ പോയി യന്ത്രം തുറക്കുന്നു.. ഇതാ തുടങ്ങുകകയായി ആദ്യ മന്ത്രാക്ഷരങ്ങൾ  can you  hear me,  see  me, and I mute you now….   പിന്നെ ഒരു  യൂദ്ധം ആണ്.  ഏകദേശം പതിനൊന്നു ആകുമ്പോൾ ഒന്ന് നടുനിവർത്താൻ, ആത്മാവിൽ പുകകയറ്റാൻ  വാതിൽ തുറക്കുമ്പോൾ പതിവ് കാഴ്ച , ചെറുപ്പക്കാരൻ കറുത്ത താടിക്കാരൻ നൂഡ്ൽസ് കഴിക്കുന്നു ഒപ്പം അഗാധമായി TV കാണുന്നു. അച്ഛനെ  കണ്ടതും പതിവ് ചോദ്യം ഇന്ന് എവിടുന്നാ ?  സാറ് ഉദ്ദേശിച്ചത്  വാങ്ങി കൊണ്ട് വന്ന പാർസലിനെ പറ്റിയാണ്. അയാൾ വിനയപൂർവം കടയുടെ പേര് – നാള് – അഡ്രസ് തെറ്റുകൂടാതെ ഉദ്ധരിച്ചു അടുത്ത മുറിലോട്ടു ഊളിയുടുന്നു തിരിച്ചു വരുമ്പോൾ കാര്യ പ്രധാനമായ ഒരു വാചകം തൊടുക്കുന്നു.  ഉച്ചക്കുള്ളത് നീ വീട്ടിൽ ഉണ്ടാക്കിക്കോ! വീണ്ടും വാതിൽ അടഞ്ഞു ! ഉച്ചക്ക്, യുവരാജൻ  ആർമ്മികുമാരൻ നിർമ്മിച്ച ചപ്പാത്തി, ജാം കൂട്ടി തട്ടുന്നു അടുത്ത മുറിയിൽ പോയി കത്തിക്കുന്നു രണ്ടെണ്ണം, തിരിച്ചു വീണ്ടും വാതിൽ അടയുന്നു.

സമയം നാലുമണി വീണ്ടും നട തുറക്കൽ ബ്രെഡ് കാപ്പിയിൽ മുക്കി തിന്നുമ്പോൾ മകൻ താടീന്ദ്രൻ (താടിയുള്ളവൻ ആരോ അവൻ.!  ഇപ്പോകിട്ടീതാ) വക അപ്ഡേറ്റ് – ഇതുവരെ 98 ആയി ! ക്രിക്കറ്റിൽ വിരാട് കോലിയുടെ   സ്കോർ അല്ല , ലോകത്തെവിടെയോ കൊറോണ പിടിച്ചു ചത്തുമലച്ച ദേഹങ്ങളുടെ കണക്കാണ് കേട്ടത്.  രാജീവൻ അസ്വസ്ഥയോടെ മുറിയിൽ ഒളിക്കുന്നു ഒരു പടുതിരി ചുണ്ടിൽ എരിയുന്നു.  ഏഴുമണിക്ക് യുദ്ധം  നിർത്തി തോറ്റ പോരാളി മുറിവുകളുമായി പുറത്തോട്ട്. മാസ്ക് ധരിച്ചൊരോ നടത്തം .മിക്കവാറും വഴിയിൽ കൂട്ടുകാരൻ  രാജേഷിനെ  കാണും  . അറിയാതെ ചിലപ്പോൾ  വീട്ടിലൊട്ടു ക്ഷണിക്കും രണ്ടെണ്ണം അടിക്കാൻ. കൃത്യതയോടെ  അവൻ ഓർമ്മിപ്പിക്കും ലോക്ക്  ഡൗൺ !

വിരസമായ രാത്രി, ചോറും ഒരു കറിയും തട്ടിക്കൂട്ടുന്നു . ബോട്ട് ക്കി  ക്ലാർക്കി  എന്നീ പുണ്ണ്യ സ്ഥലങ്ങളെ   മനസ്സിൽ ധ്യാനിച്ച് 120    നില്പനടിച്ചു  ചിറികോട്ടി ചോറുമായി ഒരു മൽപ്പിടുത്തം. ഓരോ രാജ്യത്തെ മരണ കമ്പോള നിലവാരം മരവിച്ച മനസ്സോടെ  ടീവിയിൽ കണ്ടുതീർക്കുന്നു. ഭാര്യയും മോളും സ്കൈപ്പിൽ  അവതരിക്കുന്നു . കൊറോണ, കോളേജ്  തുറക്കൽ അടക്കൽ അനിശ്ചിതത്ത്വം  ഐച്ഛിക വിഷയമായെടുത്തു വിശകലനം ചെയ്‌യുന്നു  അവസാനം എല്ലാം ഗവർമെൻറ്റുകൾക്കു  വിട്ടുകൊടുത്തു അവർ സൈൻ ഓഫ്! കത്തിക്കൽ തുടരുന്നു  ദേഹം തളരും വരെ. മണി 11   മരിക്കാൻ നേരമായി, നാളെ വീണ്ടും ഉയിർത്തെണീറ്റു യൂദ്ധം തുടങ്ങാൻ !  കിടക്കയിൽ വീഴുന്നു,  വാക്കുകളിൽ അഭയം തേടുന്നു,