ഒമാന്‍ ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് 21 മുതല്‍ അപേക്ഷിക്കാം

0

മസ്‍കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കെ.ജി 1 മുതല്‍ 11 വരെയുള്ള ക്ലാസുകളിലേക്ക് 2020 ജനുവരി 21 ചൊവ്വാഴ്ച മുതല്‍ ഫെബ്രവരി 20 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.

അപേക്ഷ നല്‍കാനായി രക്ഷിതാക്കള്‍ www.indianschoolsoman.com എന്ന വെബ്സൈറ്റാണ് സന്ദര്‍ശിക്കേണ്ടതെന്ന് ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രവേശന നടപടികളിലെ ബുദ്ധിമുട്ടും സ്കൂളുകളിലെ തിരക്കും ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ വഴിയുള്ള കേന്ദ്രീകൃത അഡ്‍മിഷന്‍ നടപടിക്ക് സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ക്യാപിറ്റല്‍ ഏരിയയിലെ ഏഴ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. ബൗഷര്‍, മസ്കത്ത്, ദര്‍സൈത്ത്, അല്‍വാദി അല്‍ കബീര്‍, അല്‍ ഗുര്‍ബ, അല്‍ സീബ്, അല്‍ മാബില എന്നീ ഇന്ത്യന്‍ സ്കൂളുകളിലേക്ക് അപേക്ഷ നല്‍കാം.