സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. റിയാദിന് സമീപം തുമാമയില്‍ ചൊവ്വാഴ്‍ച രാവിലെയായിരുന്നു അപകടം. തുമാമ എയര്‍‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ചൊവ്വാഴ്‍ച രാവിലെ തുമാമ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്നു വീണെന്നും പൈലറ്റ് മരണപ്പെട്ടതായും’ സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞു. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറിയിച്ചു.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് 29 കിലോമീറ്റര്‍ വടക്കാണ് തുമാമ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ റണ്‍വേകളിലൊന്നാണ് ഇവിടെയുള്ളത്. സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായായി ഉപയോഗിക്കുന്ന വിമാനത്താവളമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.