മരിച്ചവരുമായി സംസാരിക്കല്‍

0

എല്ലാവരും ഉറങ്ങുമ്പോള്‍
സ്കൈപ് തുറക്കുക.
സ്കൈപ് ഐഡി: മരണം
മൂന്നുമിനിറ്റ് ഹൃദയമിടിപ്പു
നിര്‍ത്തിവെച്ചു ധ്യാനിക്കുക
മരിച്ചവര്‍ അവരുടെ
നമ്പറുകളോടെ പ്രത്യക്ഷരാവും
ലാപ്ടോപ് ഒരു മോര്‍ച്ചറിയാണെന്നു
തോന്നുന്നത് വെറുതെ.

മരിച്ചവരുടെ പിന്നില്‍
എന്താണെന്ന് നോക്കൂ:
അവര്‍ സ്വര്‍ഗത്തിലാണെങ്കില്‍
സ്വര്‍ണ്ണംകൊണ്ടുള്ള അഴികളും
വജ്രംകൊണ്ടുള്ള തോക്കുകളും കാണും
നരകത്തിലാണെങ്കില്‍
തീപ്പിടിച്ച ഒരു നിഘണ്ടുവും
അറ്റുപോയ ഒരു പാലവും.

മരിച്ചയാള്‍ കവിയെങ്കില്‍
ഒരു വരിയ്ക്കുള്ളില്‍
മാറിയഅര്‍ത്ഥങ്ങളോടെ പ്രത്യക്ഷപ്പെടും
ശാസ്ത്രജ്ഞനെങ്കില്‍ താന്‍ കണ്ടുപിടിച്ചതെല്ലാം
മാറ്റി എഴുതുന്നതായി കാണും
താന്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്നു
തിരിച്ചറിഞ്ഞ`വിവേകിയുടെ മുഖം കണ്ടാല്‍
അതൊരു പുരോഹിതനാണെന്നുറപ്പിക്കാം
ചിത്രകാരന്മാര്‍ പാലറ്റുകളായിമാറിയ
മഴവില്ലുകളുടെ ചുമലിലാണ് സവാരി
അനന്തതയിലായതിനാല്‍ ഒന്നും
എഴുതാനില്ലാതായതിന്റെ
മങ്ങൂഴത്തിലാണ് ചരിത്രകാരന്മാര്‍.
പ്രണയികള്‍ക്കു മാത്രം മാറ്റമില്ല:
അതേ അതിശയോക്തികള്‍
ചളുങ്ങാത്ത അതേ തങ്കക്കുടം
ഓട്ട വീഴാത്ത അതേ ഓമന.

ഇനി സംസാരിച്ചോളൂ
നിങ്ങളും മരിച്ചിരിക്കുന്നു