സബർമതിയുടെ തീരങ്ങളിൽ..

0

(സബർമതി, ദണ്ഡി, ഉപ്പ്… സ്വാതന്ത്ര്യം! …ഒരു സ്വതന്ത്രാവിഷ്ക്കാരം)

കൈയിലിത്തിരി ഉപ്പുതരിയുമായ്
കൺകളിൽ മിന്നിയോടും സബർമതി!
ദണ്ഡിയിലെ മഹാസ്മൃതിക്കുള്ളിലായ്
കണ്ടുവോ ഗാന്ധി വന്ന വഴികളെ
പാരിജാതങ്ങൾ പൗർണ്ണമിനാളുകൾ
ഭാഗധേയം തിരുത്തിയ യാത്രകൾ
ആര്യദ്രാവിഢ സംസ്കൃതി, വേദങ്ങൾ
ആവഹിച്ച പുരാണേതിഹാസങ്ങൾ
ഹർഷമാർഷചരിത്രം തുടങ്ങുന്ന
വ്യക്തത, പടയോട്ടങ്ങൾ നഷ്ടങ്ങൾ
രാജ്യയുദ്ധ പടഹധ്വനി, പര-
ദേശ ചിഹ്ന നിയന്ത്രിത ഭൂപടം,
ദേശസ്നേഹം ജ്വലിക്കുന്നൊരഗ്നിയെ
ജീവനിൽ ചേർത്ത ധീരപോരാളികൾ
തീവ്രഭാവം, സ്വരാജിന്റെ മന്ത്രണം,
ലോകഗോളം തിളയ്ക്കുമാവേശവും,
ശബ്ദഘോഷങ്ങളില്ലാതെ നീങ്ങിയ
നിസ്സഹകരണം, ലോകയുദ്ധങ്ങൾ.
സൂര്യകാന്തികൾ ഏഴാം കടലിന്റെ
ഭൂമിയിൽ കനൽ തൂവിയ പൂവുകൾ.
നോവുറയുന്ന നൂറ്റാണ്ടുകൾ തേടി
ലോകസ്മാരകമുദ്രകളായിരം
സൂര്യനസ്തമിക്കട്ടെയീഭൂമിതൻ
പാരതന്ത്ര്യവിലങ്ങിന്റെ ഗർജ്ജനം.
തൂക്കിലേറിയ വീരസ്വർഗങ്ങളിൽ
ഓർത്തെടുക്കുന്ന രത്നത്തിളക്കങ്ങൾ.
നൂലു നൂൽക്കുന്ന ചർക്കകൾ തീരാത്ത
നോവലിയുന്ന സിന്ധുനദീതടം!
സ്നേഹസന്ധ്യകളെ പ്രണയിച്ചോരു
ഭാരതം, മുറിവേറ്റ വിഭജനം
ആർത്തമാകും പലായനം, ഭൂമിയെ
സാക്ഷിയാക്കിയ രക്തപ്പുഴകളും
പാതി താഴ്ന്ന ധ്വജം, ഗാന്ധി ചിന്തയിൽ
വേർപിരിയിലിൻ ഹേ രാമ! മന്ത്രമോ?
അർദ്ധരാത്രിയിലിന്നുമുറങ്ങാതെ
നിത്യമോർക്കുന്ന യുദ്ധസ്ഥലങ്ങളിൽ
നിസ്സഹായം അഹിംസയെന്നോതുന്ന
ദുർഘട രാജഘട്ടത്തിനപ്പുറം
വാനഗോപുരം മെല്ലെയടയ്ക്കുന്ന
സാഗരക്കാറ്റുമൊന്നു നടുങ്ങിയോ?
തീർഥഗർഭങ്ങളിന്നീപുരാതന
ക്ഷേത്രമാകെ തിരിവിന്റെ ശാഖകൾ
പാലരുവികൾ, പത്മതീർഥക്കുളം
ക്ഷീരസാഗരമൊന്നിൽ ശയനവും,
ദൂരെയാമലയേറും കുരിശിന്റെ
സ്ഥാപകമുദ്ര തേടുമിടങ്ങളും,
കത്തിയാകെ പുകയുന്ന പുസ്തക
മുദ്രയുമായിയെത്രയോ ദിക്കുകൾ
ദിവ്യലോകം, തിളങ്ങുന്ന താരകൾ,
കണ്ണിനപ്പുറമോടും ഗ്രഹങ്ങളും
ഗംഗ വന്ന വഴികൾ ബ്രഹ്മാണ്ഡമാം
രത്നഗർഭമടർന്നോരിടങ്ങളും..
ഉപ്പിനെ തേടി ദണ്ഡിയുണർന്നോരു
സത്യമാകെ കടലിലലിയവെ
സ്മാരകങ്ങളനേകം, അ(ഹിംസയും),
വാളുരുമ്മുന്ന സൗഹൃദലോകവും
വിപ്ലവങ്ങൾ പലേതാണു പൂക്കളായ്
ചുറ്റുമങ്ങനെ പൂത്തുലഞ്ഞെങ്കിലും
തീയെരിക്കുമതെല്ലായിടം പിന്നെ
തീപ്പുകനീറ്റിവീണ്ടും തണുത്തിടും..
ദൂരെയോർക്കിഡിൻ താഴ്വര, ചുറ്റുന്ന
നേരതിരിലെ മഞ്ഞുനീർപ്പൂവുകൾ
സൈന്യസേനകൾ കാവലുണ്ടാകവെ
ഗന്ധകം പുകഞ്ഞീടുന്നു നിത്യവും
മുന്നിലാകെയഴികൾ, കാരാഗൃഹം
വന്നു പോകുന്നു മേഘനിഴലുകൾ
നീരൊഴുക്കിന്റെ ഗർഭസ്ഥലങ്ങളിൽ
നീർമഴ ഘനരാഗത്തിലെപ്പോഴും..

ഗാന്ധിഗ്രാമിന്റെ കൽപ്പടവൊന്നിലായ്
ആർദ്രമാകുന്നു സ്വാത്രന്ത്യമുദ്രകൾ
കൈയിലുപ്പുതരികൾ, സബർമതി,
ദണ്ഡി, സൂര്യന്റെ തീവ്രമദ്ധ്യാഹ്നവും
ഭാരതത്തിനെ സ്നേഹിച്ചതിരിലായ്
ആകെയസ്വസ്ഥമീക്കടൽത്തീരവും,
ചുറ്റിലും പറന്നേറും ത്രിവർണ്ണവും
സത്യചക്രം, കലിംഗവും, സ്വപ്നവും!..

(2017-പ്രവാസി എക്സ്പ്രസ് വിഷു മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.)